കാണാതായ മണിപ്പുർ സ്വദേശിയെ 40 കൊല്ലത്തിനുശേഷം മുംബൈയിൽ കണ്ടെത്തി

മുംബൈ ∙ നാൽപതുവർഷം മുൻപു വീടുവിട്ട മണിപ്പുർ സ്വദേശി ഖോംദൻ സിങ്ങിനെ (66) നാടകീയമായി മുംബൈയിൽ കണ്ടെത്തി. മുംബൈ തെരുവോരങ്ങളിൽ പഴയ ഹിന്ദിഗാനങ്ങൾ പാടിക്കിട്ടുന്ന നാണയത്തുട്ടുകൾകൊണ്ടു ജീവിതം തള്ളിനീക്കിയിരുന്ന സിങ് പാടുന്നതു വിഡിയോയിലാക്കി ഫിറോസ് സാക്രിയെന്ന ഫൊട്ടോഗ്രഫർ സമൂഹമാധ്യമത്തിൽ ഇട്ടതാണ് ഇയാളെ തിരിച്ചറിയാൻ ഇടയാക്കിയത്. രൂപം കണ്ടാൽ തിരിച്ചറിയുമായിരുന്നില്ല.

നരകയറിയ മുടിയും ഷേവ് ചെയ്യാത്ത മുഖവുമുള്ള സിങ്ങിനെ തിരിച്ചറിഞ്ഞതു പണ്ടുപാടിനടന്ന ഹിന്ദി സിനിമാ പാട്ടുകളുടെ താളത്തിൽനിന്ന്. വിഡിയോയിൽ പേരു വെളിപ്പെടുത്തിയതും സഹായകമായി. ഇതോടെ വീട്ടുകാർ സിങ്ങിന്റെ പഴയ ചിത്രവും വിഡിയോയും ഇംഫാൽ പൊലീസിനെ കാണിച്ചു. അവർ മുംബൈ പൊലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ആൾ ഖോംദൻതന്നെയെന്നു വ്യക്തമായി. വീട്ടുകാർ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടിനുശേഷമുള്ള കൂടിച്ചേരലിനായി.