സിൻഹ ഒറ്റയ്ക്കാകില്ലെന്ന സൂചന ശക്തം; സന്യാസിയാകാനല്ല, പോര് തന്നെ ലക്ഷ്യം

ന്യൂഡൽഹി∙ യശ്വന്ത് സിൻഹ മെല്ലെ നീങ്ങുന്നതു പ്രതിപക്ഷ നിരകളിലേക്കാണ്. രാഷ്ട്രീയം വിടുന്നുവെന്നു പറയുന്നുവെങ്കിലും 81–ാം വയസ്സിലും ഇനിയൊരങ്കത്തിനു ബാല്യമുണ്ട് എന്നുതന്നെയാണ് അദ്ദേഹം നൽകുന്ന സൂചന. സിൻഹ പാർട്ടി വിടുന്നതു സുപ്രധാനമായ ഒരു സമയത്താണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കടുത്ത മത്സരത്തിലാണു ബിജെപി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സഖ്യശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ നാലു സംസ്ഥാനങ്ങളിൽ കൂടി തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ ഒരു മുതിർന്ന നേതാവു പാർട്ടി വിടുന്നതു ബിജെപിക്കു നല്ല ശകുനമല്ല. പാർട്ടിയിൽനിന്നു താൻ രാജിവയ്ക്കില്ലെന്നും വേണമെങ്കിൽ പുറത്താക്കിക്കോട്ടെ എന്നുമാണു സിൻഹ നേരത്തെ പറഞ്ഞിരുന്നത്.

ആ നിലപാടു മാറ്റിയതു വ്യക്തമായ ലക്ഷ്യത്തോടെയാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കാണാൻ പലവട്ടം ശ്രമിച്ചെങ്കിലും സമയം അനുവദിച്ചില്ല. ഒടുവിൽ രാഷ്ട്രീയ മഞ്ച് എന്ന ചർച്ചാവേദിക്കു സിൻഹ രൂപം നൽകി. യശ്വന്ത് സിൻഹ പാർട്ടി വിട്ടെങ്കിലും ഒറ്റയ്ക്കാകില്ല എന്ന സൂചന ലഭിച്ചു കഴിഞ്ഞു.

തീരുമാനം പ്രഖ്യാപിക്കുമ്പോൾ ശത്രുഘ്നൻ സിൻഹയും കോൺഗ്രസിന്റെ രേണുക ചൗധരിയും ആർഡെജിയുടെ തേജസ്വി യാദവുമൊക്കെ ഒപ്പമുണ്ടായിരുന്നു. 75 വയസ്സു കഴിഞ്ഞവർക്കു ബിജെപിയിൽ സന്യാസമാണു വിധിച്ചിരിക്കുന്നത്. മാർഗദർശക മണ്ഡൽ എന്ന ഒരിക്കലും ചേരാത്ത സമിതിയിൽ വേണമെങ്കിൽ തുടരാം. അതിനു തന്നെക്കിട്ടില്ല എന്നു പ്രഖ്യാപിച്ചിരിക്കുന്നു സിൻഹ.

വരുംനാളുകളിൽ കൂടുതൽ ബിജെപി നേതാക്കൾ പിന്തുണയുമായി എത്തിയാലും അദ്ഭുതപ്പെടാനില്ല. കോൺഗ്രസിന്റെ കളിപ്പാവയെന്നു സിൻഹയെ കളിയാക്കുമ്പോഴും ബിജെപിയെ വിഷമസന്ധിയിലാക്കുന്ന ഒന്നുണ്ട്; അദ്ദേഹത്തിന്റെ മകൻ ജയന്ത് സിൻഹ സിവിൽ വ്യോമയാന സഹമന്ത്രിയായി തുടരുകയാണ്. 2014ൽ യശ്വന്ത് സിൻഹ സ്വയം പിന്മാറി മകനു സീറ്റ് നൽകുകയായിരുന്നു.

യശ്വന്ത് സിൻഹ

1960 ബാച്ച് െഎഎഎസ് ഉദ്യോഗസ്ഥനായ സിൻഹ, 24 വർഷത്തെ സർവീസിനു ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ചന്ദ്രശേഖർ മന്ത്രി‌സഭയിൽ ധനകാര്യ മന്ത്രിയായി. 1996ൽ ജനതാ ദൾ വിട്ടു ബിജെപിയിലെത്തി. വാജ്പേയി മന്ത്രിസഭയിൽ ധന, വിദേശകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു.