കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ

ന്യൂഡൽഹി ∙ മധ്യപ്രദേശ് പിസിസി അധ്യക്ഷനായി മുതിർന്ന നേതാവ് കമൽനാഥിനെയും പ്രചാരണസമിതി അധ്യക്ഷനായി ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ചു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, ബാല ബച്ചൻ, റാംനിവാസ് റാവത്, ജിതു പട്‌വാരി, സുരേന്ദർ ചൗധരി എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയോ‌ഗിച്ചിട്ടുണ്ട്.

ഗോവയിൽ ഗിരീഷ് ചോഡങ്കറെ പുതിയ പിസിസി പ്രസിഡന്റായി നി‌യമിച്ചതായും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് അറിയിച്ചു. അരുൺ യാദവിനു പകരമാണു കമൽനാഥിനെ അധ്യക്ഷനാക്കിയത്. പ്രചാരണസമിതി അധ്യക്ഷനായ സിന്ധ്യ, കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യതയേറി.

സിന്ധ്യയുടെ യുവത്വവും കമൽനാഥിന്റെ അനുഭവസമ്പത്തും പ്രയോജനം ചെയ്യുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ടുള്ള പരീക്ഷണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തുടരുന്നതു കൗതുകമുണർത്തുന്നു. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഒഡിഷയിലും അദ്ദേഹം പിസിസി അധ്യക്ഷനു പുറമേ വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചിരുന്നു.

കെപിസിസി പ്രസിഡന്റ്: തീരുമാനം വൈകിയേക്കും

ന്യൂഡൽഹി ∙ ചെങ്ങന്നൂർ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് നിയമനം വൈകിയേക്കും. എം.എം.ഹസനെ മാറ്റുന്നതു തിരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനോട് ആവ‌ശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം പിന്നീ‌ടേ ഉണ്ടാവൂ എന്ന സൂചനയാണ്, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ലഭിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു വേണ്ടി അനന്തമായി കാത്തിരിക്കാനാവില്ലെന്നാണു രാഹുൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു പറഞ്ഞത്. ഒഡിഷയിലും മധ്യപ്രദേശിലും വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചതു കേരളത്തിലും ആവർത്തിക്കുമോയെന്നു വ്യക്തമല്ല.