പ്രായത്തിന്റെ പേരിൽ വിവാഹം റദ്ദാക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി ∙ പുരുഷനു നിയമപരമായ വിവാഹപ്രായമായ 21 വയസ്സ് തികഞ്ഞില്ല എന്ന പേരിൽ വിവാഹം റദ്ദാക്കാനാകില്ലെന്നും പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു തടസ്സമില്ലെന്നും സുപ്രീം കോടതി. തുഷാരയും നന്ദകുമാറും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമസിക്കാമെന്നു സുപ്രീം കോടതി വിധിച്ചത്. 20 വയസ്സുള്ള തുഷാരയ്ക്ക് ആർക്കൊപ്പം ജീവിക്കണമെന്നു സ്വയം തീരുമാനിക്കാം – ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

തന്റെ മകളെ നന്ദകുമാർ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നും കഴിഞ്ഞ വർഷം ഏപ്രിലിൽ വിവാഹം നടക്കുമ്പോൾ നന്ദകുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ലെന്നും കാട്ടി തുഷാരയുടെ പിതാവാണു ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി തുഷാരയെ പിതാവിനൊപ്പം അയയ്ക്കുകയും ചെയ്തു. കോടതി സൂപ്പർ രക്ഷിതാവ് ചമയേണ്ടെന്നും വ്യക്തികൾക്കു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ഇതിനെതിരെ സമർപ്പിച്ച അപ്പീൽ അനുവദിച്ചു സുപ്രീം കോടതി പറഞ്ഞു.

ഹാദിയ കേസും വിധിന്യായത്തിൽ കോടതി പരാമർശിച്ചു. നിയമപരമായി വിവാഹം കഴിക്കാൻ തടസ്സമുണ്ടെങ്കിൽകൂടി പ്രായപൂർത്തി ആയെങ്കിൽ ഒരുമിച്ചു താമസിക്കാൻ അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. ഒരുമിച്ചു താമസിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ട്. ഗാർഹിക പീഡനത്തിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന 2005ലെ നിയമത്തിന്റെ കീഴിൽ ഇതും ഉൾപ്പെടുന്നതായി ബെഞ്ച് പറഞ്ഞു.

വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി തെറ്റാണെന്നു സുപ്രീം കോടതി കഴിഞ്ഞ മാർച്ചിൽ വിധിച്ചിരുന്നു. കോടതി രക്ഷിതാവിന്റെ റോൾ ഏറ്റെടുക്കേണ്ടെന്ന ഹാദിയ കേസിലെ പരാമർശം തുഷാര കേസിലും കോടതി ആവർത്തിച്ചു.