രാഹുലിന്റെ ജനപ്രീതി കൂടുന്നു: ശത്രുഘ്നൻ സിൻഹ

പട്ന ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിപദത്തിനു സാധ്യത കാണുന്നതിൽ തെറ്റില്ലെന്നും ബിജെപി എംപി ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ തയാറാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ച പശ്ചാത്തലത്തിലാണു ശത്രുഘ്നന്റെ അഭിപ്രായ പ്രകടനം.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രാഹുൽ ഏറെ പക്വമതിയായെന്നും എംപി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഉന്നയിക്കുന്ന കാതലായ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനു പകരം മോദി ശ്രദ്ധതിരിക്കൽ തന്ത്രം പയറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു.