ഔറംഗാബാദിൽ സംഘർഷം: രണ്ട് മരണം

മുംബൈ ∙ മറാഠ്‌വാഡയിലെ ഒൗറംഗാബാദിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു. 12 പൊലീസുകാരുൾപ്പെടെ 50 പേർക്കു പരുക്കേറ്റു. സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നു പൊലീസ് അറിയിച്ചു. നൂറിലേറെ കടകളും 80 വാഹനങ്ങളും കത്തിച്ചു. 60 പേർ അറസ്റ്റിലായി. 17 വയസ്സുകാരനും 65 വയസ്സുള്ള ആളുമാണ് മരിച്ചത്. പൊലീസ് വെടിവയ്പിലാണ് കൗമാരക്കാരന്റെ മരണം. അക്രമത്തിൽ തീവച്ച കടയിൽ നിന്നു തീ പടർന്ന വീട്ടിൽ കുടുങ്ങിയാണ് 65 വയസ്സുള്ളയാൾ മരിച്ചത്.

ഒൗറംഗാബാദ് മുനിസിപ്പൽ പരിധിയിലെ ഒരു ആരാധനാലയത്തിൽ അനധികൃത പൈപ്പ് കണക്‌ഷൻ കോർപറേഷൻ അധികൃതർ വിച്ഛേദിച്ചതിന്റെ പേരിൽ ചെറിയതോതിൽ തുടങ്ങിയ പ്രതിഷേധമാണ് കലാപമായി മാറിയത്. ഒൗറംഗാബാദ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്, ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.