കീറാമുട്ടിയായി കോൺഗ്രസ് സഖ്യം; കോൺഗ്രസിനെതിരെ പ്രചാരണം തുടരുന്നതു ചോദ്യംചെയ്ത് യച്ചൂരിപക്ഷം

ന്യൂഡൽഹി ∙ സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പുനഃസംഘടിപ്പിച്ച പൊളിറ്റ്ബ്യൂറോയുടെ (പിബി) ആദ്യയോഗം ഇന്നു ചേരുമ്പോൾ, കോൺഗ്രസിനോടുള്ള സമീപനം വീണ്ടും ചർച്ചയാവും. കോൺഗ്രസുമായി ധാരണയാവാമെന്ന പാർട്ടി കോൺഗ്രസ് നിലപാട് അംഗീകരിക്കാൻ കാരാട്ടുപക്ഷം തയാറാവുന്നില്ലെന്നാണ് യച്ചൂരിപക്ഷത്തിന്റെ പരാതി.

കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പിബി അംഗങ്ങളുടെ ജോലിവിഭജനവും രാഷ്ട്രീയ സാഹചര്യത്തിന്റെ ചർച്ചയുമാണ് ഒൗദ്യോഗിക അജൻഡ. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ ഫലങ്ങളുടെ അവലോകനവുമുണ്ട്. കർണാടകയിലെ ജെഡി (എസ്) – കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കണമോയെന്നതും ഏകദിന പിബി തീരുമാനിക്കും. പിബി അംഗങ്ങളുടെ ചുമതലകൾ സംബന്ധിച്ച അന്തിമതീരുമാനം അടുത്ത മാസം 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിലാണുണ്ടാവുക.

കോൺഗ്രസിനെതിരെ കാരാട്ട്

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം മാത്രം വിലക്കുന്ന യച്ചൂരിപക്ഷ നിലപാട് ശരിവച്ചുള്ളതായിരുന്നു പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയം. അങ്ങനെയല്ലെന്നും കോൺഗ്രസുമായി തിരഞ്ഞെടുപ്പിൽ ഒരുതരത്തിലുള്ള ഇടപാടുമുണ്ടാവില്ലെന്നും പാർട്ടി കോൺഗ്രസിനിടെതന്നെ വൃന്ദ കാരാട്ടും മറ്റും വ്യാഖ്യാനിക്കാൻ ശ്രമിച്ചതു വിവാദവുമായി. പാർട്ടി കോൺഗ്രസിനു പിന്നാലെ, കോഴിക്കോട്ട് പാർട്ടിയോട് അനുഭാവമുള്ളവരുടെ രഹസ്യയോഗത്തിൽ കോൺഗ്രസിനോടുള്ള സമീപനം പ്രകാശ് കാരാട്ട് വ്യാഖ്യാനിച്ചതും യച്ചൂരിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി. പാർ‍ട്ടിയുടെ തീരുമാനം സുവ്യക്തമാണെന്നും വ്യാഖ്യാനത്തിന്റെ ആവശ്യമില്ലെന്നും യച്ചൂരി പരസ്യമായി പറയുകയും ചെയ്തു. എന്നാൽ, കർണാടക തിരഞ്ഞെടുപ്പുഫലം ബിജെപിയുടെയല്ല, കോൺഗ്രസിന്റെ പരാജയമാണെന്നു കാരാട്ട്, പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലും വൃന്ദ ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ പ്രതികരണത്തിലും വ്യാഖ്യാനിച്ചു. ബിജെപിയെ പുറത്താക്കുകയെന്നതാണു പ്രധാന ദൗത്യമെന്നും അതിനു ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കണമെന്നും തീരുമാനിച്ചശേഷവും കോൺഗ്രസിനെതിരെ കാരാട്ടുപക്ഷം പ്രചാരണം തുടരുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് യച്ചൂരിപക്ഷം പറയുന്നത്. ഭരണവിരുദ്ധ വികാരവും പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രചാരണ തന്ത്രങ്ങളുമുണ്ടായിട്ടും ബിജെപിക്കു ഭൂരിപക്ഷം നേടാനായില്ലെന്നതാണ് പാർട്ടി കോൺഗ്രസിലെ തീരുമാനവുമായി ഒത്തുപോകുന്ന വ്യാഖ്യാനമെന്നും അവർ പറയുന്നു.