രാജീവ് സ്മരണയിൽ രാജ്യം

രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിൽ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും. ചിത്രം: പിടിഐ

ന്യൂഡൽഹി∙ അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാജ്യത്തിന്റെ പ്രണാമം. 27–ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിൽ കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, സഹോദരി പ്രിയങ്ക, ഭർത്താവ് റോബർട് വാധ്‌ര, മുതിർന്ന നേതാക്കളായ ഷീല ദീക്ഷിത്, അശോക് ഗെലോട്ട്, സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ഭുപീന്ദർസിങ് ഹൂഡ, രൺദീപ് സിങ് സുർജെവാല, പി.എൽ.പുനിയ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, സഞ്ജയ് നിരുപം തുടങ്ങിയവർ സമൂഹമാധ്യമത്തിലൂടെ രാജീവിനു ആദരാഞ്ജലികൾ അർപ്പിച്ചു. വെറുപ്പ് തടവറയാണെന്നും എല്ലാവരെയും സ്നേഹിക്കണമെന്നുമാണു പിതാവ് തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും ഒരു പിതാവിനു മകനു നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നും രാഹുൽ അനുസ്മരിച്ചു.