രാഷ്ട്രപതി പറഞ്ഞു: ഓണററി ഡോക്ടറേറ്റ് വേണ്ട; അർഹതയില്ല

ഷിംല ∙ ഓണററി ഡോക്ടറേറ്റ് സവിനയം നിരസിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. നൗനിയിലെ ഡോ. യശ്വന്ത് സിങ് പാർമർ ഹോർട്ടികൾച്ചർ, ഫോറസ്ട്രി യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഓണററി ഡോക്ടറേറ്റ് വേണ്ടെന്നുവച്ചതിനെപ്പറ്റി കോവിന്ദ് തുറന്നുപറഞ്ഞത്. ‘ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വലിയ സന്തോഷം തോന്നി. പക്ഷേ, എനിക്കതു വേണ്ട. ഞാൻ അതിന് അർഹനല്ല’– കോവിന്ദ് പറഞ്ഞു. ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്തു സർവകലാശാല കാണിച്ച ആദരം ഏറെ വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിരുദദാനച്ചടങ്ങിനെത്തിയപ്പോൾ, വിദ്യാർഥിയായിരുന്ന കാലത്തെക്കുറിച്ച് ഓർത്തുപോയെന്നും പറഞ്ഞു.