ഗുജറാത്തിലെ സ്റ്റെർലിങ് ഗ്രൂപ്പിന്റെ 4700 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ അയ്യായിരം കോടി രൂപയുടെ വായ്പ തട്ടിപ്പു കേസിൽ ഗുജറാത്തിലെ വഡോദര കേന്ദ്രമായുള്ള മരുന്നുനിർമാണ കമ്പനിയായ സ്റ്റെർലിങ് ബയോടെക് ഗ്രൂപ്പിന്റെ 4700 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന തുകയ്ക്കുള്ള കണ്ടുകെട്ടലാണിത്. നേരത്തേ പിഎൻബി കേസിൽ നീരവ് മോദി–മെഹുൽ ചോക്സി ഗ്രൂപ്പിന്റെ 7600 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.

വിവിധ കമ്പനികളുടെ പേരിൽ 5000 കോടി രൂപയുടെ ബാങ്ക് വായ്പയെടുത്ത ശേഷം തിരിച്ചടവു മുടക്കിയതോടെയാണു കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കൺസോർഷ്യമാണു വായ്പ നൽകിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇഡി കേസെടുത്തത്. കമ്പനിയുടെ പ്രമോട്ടർമാരായ നിതിൻ, ചേതൻ സൻദേസര എന്നിവർ ഒളിവിലാണ്. ഇവർക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു ഡൽഹിയിലെ വ്യവസായി ഗഗൻ ധവാൻ, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനൂപ് ഗാർഗ്, സ്റ്റെർലിങ് ബയോടെക് ഡയറക്ടർ രാജ്ഭൂഷൺ ദീക്ഷിത് എന്നിവരെ നേരത്തേ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

വായ്പ ഉപയോഗിച്ചു വിദേശത്ത് ഉൾപ്പെടെ വസ്തുക്കൾ വാങ്ങുകയും സ്റ്റെർലിങ് കമ്പനിയുടെ തന്നെ ഓഹരികൾ വാങ്ങി വിപണി മൂല്യമുയർത്തുകയും ചെയ്തുവെന്നാണു കണ്ടെത്തിയത്. ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും തുക ചെലവഴിച്ചു. രാഷ്ട്രീയ ഉന്നതർക്കുവേണ്ടി കള്ളപ്പണം കടത്തിയെന്ന സൂചനയെത്തുടർന്നു കമ്പനി നടത്തിയ വിദേശത്തെ ബാങ്ക് ഇടപാടുകളും ആദായനികുതി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

നാലായിരം ഏക്കർ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികൾ, സ്റ്റെർലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, ആഡംബരക്കാറുകൾ, മുംബൈ ജൂഹുവിലെ ആഡംബര വസതികൾ, ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയാണു കണ്ടുകെട്ടിയത്. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയിൽ റിഗ്ഗുകൾ, ബാർജുകൾ എന്നിവ കണ്ടുകെട്ടുന്നതിനായി ഇഡി അവിടത്തെ സർക്കാരിന്റെ സഹായം തേടി. കമ്പനിയുടെ വിദേശത്തെ 50 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.