മോദിയുടെ ജനപ്രിയ പദ്ധതിക്കു പച്ചക്കൊടിയുമായി കേരളം: ചേരാതെ നാലു സംസ്ഥാനങ്ങൾ

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനപ്രിയ പദ്ധതിയായ ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യത്തിനു കേരളത്തിന്റെ സമ്മതം. എന്നാൽ, ബംഗാൾ ഉൾപ്പെടെ നാലു സംസ്ഥാനങ്ങൾ ഇപ്പോഴും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പത്തു കോടി ദരിദ്ര കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സാ സഹായം നൽകുന്നതാണു പദ്ധതി. കേരളം അടക്കം ഏഴു സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണ പ്രദേശങ്ങളുമാണു പദ്ധതി നടപ്പാക്കാൻ സമ്മതിച്ചിരിക്കുന്നത്. വൈകാതെ ധാരണാപത്രം ഒപ്പിടും. ഡൽഹി, ഒഡീഷ, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് മൗനം തുടരുന്നത്. ചർച്ച തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

ഹിമാചൽപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനോട് അനുബന്ധിച്ചു പദ്ധതി പ്രഖ്യാപിക്കാനാണു കേന്ദ്രസർക്കാർ ആലോചിക്കുന്നത്. കേരളത്തിനു പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവരും സമ്മതം അറിയിച്ചിട്ടുണ്ട്.