ക്ലാറ്റ് പുനഃപരീക്ഷയില്ല: സുപ്രീം കോടതി

ന്യൂഡൽഹി∙ ദേശീയ നിയമ സർവകലാശാലകളിലെ അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനു മേയ് 13നു നടത്തിയ പരീക്ഷ (ക്ലാറ്റ് 2018) റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഭൂരിപക്ഷം വിദ്യാർഥികൾക്കും പരാതിയില്ലെന്നിരിക്കെ പുനഃപരീക്ഷ നടത്താനാകില്ലെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് യു.യു.ലളിത്തും ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

സാങ്കേതിക തടസ്സം മൂലം സമയം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് എങ്ങനെ ആശ്വാസം നൽകാൻ കഴിയുമെന്നു പരിശോധിക്കാൻ പരാതി പരിഹാര സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിദ്യാർഥികൾ എഴുതിയ ഉത്തരങ്ങളിലെ ശരിതെറ്റുകളുടെ അനുപാതത്തിൽ എഴുതാ‍ൻ കഴിയാതെ പോയ ഉത്തരങ്ങൾക്ക് മാർക്ക് നൽകാമെന്നാണ് കേരള ഹൈക്കോടതിയിലെ മുൻജഡ്ജി എം.ആർ. ഹരിഹരൻനായർ അധ്യക്ഷനായ സമിതി നിർദേശിച്ചിരിക്കുന്നത്.

കൗൺസലിങ് തുടങ്ങിയ സാഹചര്യത്തിൽ പ്രവേശന നടപടികളിൽ ഇടപെടാനില്ലെന്നു വ്യക്തമാക്കിയ കോടതി, പരാതി പരിഹാര സമിതിക്ക് പ്രശ്നപരിഹാരത്തിനായി 15 വരെ സമയം അനുവദിക്കുകയും ചെയ്തു.