ബിഹാറിൽ ബിജെപി-ജെഡിയു അസ്വാരസ്യം; കണ്ണെറിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി∙ ബിഹാറിൽ സ്വരച്ചേർച്ചയില്ലായ്മയുടെ സൂചനകൾ കാട്ടുന്ന ബിജെപി– ജെഡിയു സഖ്യത്തിലേക്ക് ആകാംക്ഷയോടെ കണ്ണെറിഞ്ഞു കോൺഗ്രസ്. ബിജെപിയുമായുള്ള കൂട്ട് ഉപേക്ഷിക്കാൻ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തയാറായാൽ, അദ്ദേഹവുമായി കൈകോർത്തുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതകൾ ആരായുമെന്നു കോൺഗ്രസ് വ്യക്തമാക്കി.

ബിഹാറിൽ 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി– ജെഡിയു എന്നിവയ്ക്കൊപ്പം ചേർന്നു രൂപം നൽകിയ വിശാല പ്രതിപക്ഷം ഇനിയും സാധ്യമാണെന്നു സൂചന നൽകിയ കോൺഗ്രസ് ഇക്കാര്യത്തിൽ പന്ത് നിതീഷിന്റെ കോർട്ടിലേക്കിട്ടു. നിതീഷ് ബിജെപിയെ കയ്യൊഴിഞ്ഞാൽ, അദ്ദേഹത്തെ ഒപ്പം കൂട്ടുന്നതിനെക്കുറിച്ച് ആർജെഡിയുമായി ചർച്ച നടത്തുമെന്നു കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ വ്യക്തമാക്കി. അത്തരമൊരു ഐക്യം യാഥാർഥ്യമായാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു കക്ഷികളും തമ്മിൽ സീറ്റ് പങ്കിടുന്നതിൽ തർക്കമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഐക്യത്തിലേക്കുള്ള വാതിലുകൾ നിതീഷിനു മുന്നിൽ അടച്ചതായി മുൻപു വ്യ‌ക്തമാക്കിയിട്ടുള്ള ആർജെഡി നേതാവ് തേജസ്വി യാദവ് ഇക്കാര്യത്തിൽ എന്തു പ്രതികരിക്കുമെന്നതും ശ്രദ്ധേയം. ദേശീയതലത്തിൽ ബിജെപിക്കെതിരായ ഐക്യ പ്രതിപക്ഷ നിര അനിവാര്യമാണെന്നും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് അതിനു നേതൃത്വം നൽകുമെന്നും ഗോഹിൽ വ്യക്തമാക്കി.

എല്ലാ കക്ഷികളെയും കോർത്തിണക്കി മുന്നോട്ടു പോകുന്ന ചരിത്രമാണു കോൺഗ്രസിനുള്ളത്. അഹങ്കാരത്തിന്റെ രാഷ്ട്രീയമല്ല കോൺഗ്രസിന്റേത് – ഗോഹിൽ പറഞ്ഞു.‌