യുപിയിലെ ആൾക്കൂട്ടക്കൊല പശുവധം ആരോപിച്ച്; പുതിയ വിഡിയോ പുറത്ത്

ഹാപുറിൽ മർദനമേറ്റ വൃദ്ധൻ. (വി‍ഡിയോ ദൃശ്യം)

ഹാപുർ∙ ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ ബച്ചേഡ ഗ്രാമത്തിൽ ആൾക്കൂട്ടം ഒരാളെ അടിച്ചുകൊല്ലുകയും വയോധികനെ മർദിച്ചവശനാക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാമതൊരു വിഡിയോ കൂടി പുറത്തുവന്നു. ഇതോടെ പശുവധം ആരോപിച്ചായിരുന്നു ആക്രമണമെന്നു വ്യക്തമായി. ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നാണു കഴിഞ്ഞ ദിവസം പൊലീസ് നൽകിയ വിശദീകരണം.

സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു മിനിറ്റ് വിഡിയോയിൽ ചോരയിൽ കുളിച്ചുനിൽക്കുന്ന സമിയുദ്ദീനെ (65) ജനക്കൂട്ടം അടിക്കുന്നതും താടിയിൽ പിടിച്ചുവലിക്കുന്നതും കാണാം. പാടത്തു കശാപ്പു നടത്തുകയായിരുന്നുവെന്നു സമിയുദ്ദീനെ കൊണ്ടു പറയിപ്പിക്കാനാണു ജനക്കൂട്ടം ശ്രമിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സമിയുദ്ദീൻ ഡൽഹിയിൽ ആശുപത്രിയിലാണ്. സമിയുദ്ദീനൊപ്പമുണ്ടായിരുന്ന ഖാസിം (45) മർദനമേറ്റു പാടത്തുവീണു കിടക്കുന്നതും വെള്ളത്തിനു യാചിക്കുന്നതുമാണു ജൂൺ 18നു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിഡിയോയിലുള്ളത്. ഖാസിം പിന്നീട് ആശുപത്രിയിൽ മരിച്ചു. മൂന്നു പൊലീസുകാർ നോക്കിനിൽക്കേ ഖാസിമിനെ ജനക്കൂട്ടം വലിച്ചിഴയ്ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.

ഇതെത്തുടർന്നു കഴിഞ്ഞദിവസം ക്ഷമാപണവുമായി രംഗത്തെത്തിയ പൊലീസ്, സംഭവം പശുവധവുമായി ബന്ധപ്പെട്ടതല്ലെന്ന വാദം ആവർത്തിച്ചു. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം തുടരുന്നതായും രണ്ടുപേർ അറസ്റ്റിലായതായും അറിയിച്ചു. എന്നാൽ, പ്രതികളെ രക്ഷിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നു ഖാസിമിന്റെയും സമിയുദ്ദീന്റെയും കുടുംബാംഗങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.