Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻ വ്യാപാരിയെ തെരുവിൽ സംഘംചേർന്നു മർദിച്ചു; അഞ്ചു പേർക്കെതിരെ കേസ്

Lynching

മൂന്നാർ∙  മീൻ വ്യാപാരിയെ മാങ്കുളത്ത് തെരുവിൽ സംഘം ചേർന്നു മർദിച്ച സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു.അടിമാലി വാളറ താണേലി എം. മക്കാറിനാണ് (68) കഴിഞ്ഞ വ്യാഴാഴ്ച  മർദനമേറ്റത്. മർദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ ഇന്നലെ പൊലീസ്  കേസെടുക്കുകയായിരുന്നു. 

മർദനമേറ്റ മക്കാർ കോതമംഗലത്തെ ആശുപത്രിയിൽ ചികിൽസ തേടി. പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്നാണ് മൂന്നാർ പൊലീസിന്റെ വിശദീകരണം. 

മീനുമായി വാഹനത്തിൽ വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചെന്നാണ് പരാതി. റോഡിലിട്ടു ചവിട്ടുകയും ചെയ്തു. മർദനത്തിൽ പ്രതിഷേധിച്ച് പത്താം മൈൽ ഇരുമ്പുപാലം മേഖലകളിൽ ഇന്നു  രാവിലെ 11 മുതൽ 12 വരെ ഹർത്താൽ നടത്തുമെന്ന് ആൿഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.  മാങ്കുളത്ത് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.

റിസോർട്ടിലേക്കു മീൻ  നൽകിയതിന്റെ  പണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ആക്രമണമെന്നു നാട്ടുകാർ പറഞ്ഞു. അതേസമയം സ്ത്രീയോട് മോശമായി പെരുമാറിയ കാര്യം പൊലീസിനെ അറിയിക്കുമെന്നു പറഞ്ഞായിരുന്നു സംഘത്തിന്റെ മർദനമെന്നും പറയുന്നു.