ഒരു കുടുംബത്തെ ഉയർത്തിക്കാട്ടാൻ മറ്റുള്ളവർക്ക് അവഗണന: മോദി

രാജ്ഗഡ് (മധ്യപ്രദേശ്)∙ ഒരു പ്രത്യേക കുടുംബത്തെ മഹത്വവൽക്കരിക്കുന്നതിനായി മറ്റു നേതാക്കൾ രാജ്യത്തിനു നൽകിയ സംഭാവന ചെറുതാക്കിക്കാണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജന സംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആദ്യ വ്യവസായ മന്ത്രി ആയിരുന്ന ശ്യാമപ്രസാദ് മുഖർജിയാണ് രാജ്യത്തിന്റെ പ്രഥമ വ്യവസായ നയത്തിനു രൂപം നൽകിയത്. ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാനും പാവങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് അദ്ദേഹം മുൻഗണന നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ 13 വർഷവും കേന്ദ്രത്തിൽ നാലു വർഷവും ഭരിച്ച ബിജെപി സർക്കാരുകൾ മധ്യപ്രദേശിനെ വൻവികസന നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.