ബിഹാറിൽ ബിജെപിക്ക് തലവേദന ജെഡിയു; പുതിയ തന്ത്രങ്ങളെക്കുറിച്ച് ആലോചന

ന്യൂഡൽഹി∙ ബിഹാറിൽ നിതീഷ്കുമാറിന്റെ ‌രാഷ്ട്രീയചാഞ്ചാട്ടം പുതിയ തന്ത്രമാലോചിക്കാൻ ബിജെപിയെ ‌പ്രേരിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട പഴയ സഖ്യത്തിലേക്കു തിരിച്ചുപോയേക്കുമെന്ന സൂചനക‌ളാണു നിതീഷ് നൽകുന്നത്. എന്നാൽ, നിതീഷിനെ ആവശ്യമില്ലെന്ന് ആർജെഡി നിലപാടെടുത്തിട്ടുണ്ട്.

കൂടുതൽ സീറ്റുകൾ വേണമെന്ന ജെഡിയുവിന്റെ ആവശ്യമാണു ബിഹാറിൽ എൻഡിഎ നേരിടുന്ന പ്രധാന പ്രതിസന്ധി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിയുവിനു കിട്ടിയതു രണ്ടു സീറ്റും ബിജെപിക്ക് 22 സീറ്റും. ഈ സാഹചര്യത്തിൽ സഖ്യത്തിലെ പ്രധാനിയാകണമെന്ന നി‌തീഷിന്റെ മുൻകൂർ അവകാശവാദം ബോധപൂർവമാണെന്നു ബിജെപി കരുതുന്നു. ‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം ഒരിക്കൽക്കൂടി കാര്യങ്ങൾ അനുകൂലമാക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനാധിഷ്ഠിത രാ‌‌ഷ്ട്രീയ ത‌ന്ത്രങ്ങളായിരിക്കും ബിജെപി ആവിഷ്കരിക്കുക. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരത്തിനും സാധ്യതയുണ്ട്. യുപിയിലെ ഉപതിരഞ്ഞെടുപ്പുകളിൽ നടത്തിയ ഐക്യപരീ‌ക്ഷണങ്ങൾ പ്രതിപക്ഷത്തിന് ആത്മവീര്യം നൽകുകയും ചെയ്യുന്നു.