ആന്ധ്ര: കിരൺ കുമാർ റെഡ്ഡി വീണ്ടും കോൺഗ്രസിൽ

ന്യൂഡൽഹി ∙ ആന്ധ്രപ്രദേശ് വിഭജനത്തെത്തുടർന്ന് നാലു വർഷം മുൻപ് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ മടങ്ങിയെത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുൻകയ്യെടുത്തു നടത്തിയ മധ്യസ്ഥ ചർച്ചകളാണു മടങ്ങിവരവിനു വഴി തെളിച്ചത്. ഇന്നലെ ഉമ്മൻ ചാണ്ടിക്കൊപ്പം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചശേഷം തന്റെ മടങ്ങിവരവ് റെഡ്ഡി പ്രഖ്യാപിച്ചു.

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റെഡ്ഡിയുടെ സാന്നിധ്യം പാർട്ടിക്കു കരുത്തു പകരുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആന്ധ്രയുടെ വിഭജനത്തിൽ പ്രതിഷേധിച്ച് 2014 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും റെഡ്ഡി രാജിവച്ചത്. ‘ജയ് സമൈക്യ ആന്ധ്ര’ എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും നേട്ടമുണ്ടാക്കിയില്ല. തിരഞ്ഞെടുപ്പു തിരിച്ചടിക്കുശേഷം സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

സംസ്ഥാനത്തു പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്, റെഡ്ഡിയെ തിരികെയെത്തിക്കാൻ ഉമ്മൻ ചാണ്ടി മുൻകയ്യെടുത്തത്. മടക്കിക്കൊണ്ടുവരാൻ പാർട്ടി ലക്ഷ്യമിട്ട നേതാക്കളുടെ പട്ടികയിൽ ഒന്നാമനായിരുന്നു റെഡ്ഡി. എഐസിസി ജനറൽ സെക്രട്ടറി പദവി അദ്ദേഹത്തിനു നൽകിയേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. റെഡ്ഡിയുടെ സഹോദരൻ കിഷോർ കുമാർ ഏതാനും മാസങ്ങൾ മുൻപ് ടിഡിപിയിൽ ചേർന്നിരുന്നു.