വനിതാ സംവരണ ബില്ലിന് പിന്തുണ; കൈകോർക്കാൻ മോദിയെ ക്ഷണിച്ച് രാഹുൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ ബിൽ പാസ്സാക്കാൻ കോൺഗ്രസിന്റെ നിരുപാധിക പിന്തുണ രാഹുൽ വാഗ്ദാനം ചെയ്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സ്ത്രീ ശാക്തീകരണത്തിനായി കൈകോർക്കാൻ അദ്ദേഹം മോദിയെ ക്ഷണിച്ചു. 2010 മാർച്ച് ഒൻപതിനു രാജ്യസഭ പാസ്സാക്കിയ ബില്ലിന് ഇനി ലോക്സഭയുടെ അംഗീകാരമാണു ലഭിക്കേണ്ടത്. ലോക്സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ വനിതാ സംവരണ വിഷയം കോൺഗ്രസ് ആയുധമാക്കുമെന്നതിന്റെ സൂചനയാണു രാഹുലിന്റെ കത്ത്. പൊതുയോഗങ്ങളിൽ വനിതാ ശാക്തീകരണത്തിനായി വാതോരാതെ സംസാരിക്കുന്ന മോദിക്ക് അതു പ്രാവർത്തികമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്നു രാഹുൽ ചൂണ്ടിക്കാട്ടി.

വരുന്ന സമ്മേളനത്തിൽ ബിൽ പാസ്സാക്കിയാൽ നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ സ്ത്രീകൾക്കു കൂടുതൽ അവസരം ലഭിക്കും. കോൺഗ്രസ് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച്, സ്ത്രീ ശാക്തീകരണത്തിനായി കൈകോർക്കാം. കോൺഗ്രസ് എക്കാലവും ബില്ലിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ വനിതാ സംവരണം വാഗ്ദാനം ചെയ്ത ബിജെപി പക്ഷേ, ഭരണത്തിലേറിയ ശേഷം പിൻമാറി.

രാജ്യത്തിന്റെ ഭരണ നിർവഹണം മെച്ചപ്പെടുത്താൻ സ്ത്രീകൾ അധികാര സ്ഥാനങ്ങളിലെത്തണം. ഇക്കാര്യം ബില്ലിനെ എതിർക്കുന്ന സ്വന്തം പാർട്ടിക്കാരെ ബോധ്യപ്പെടുത്തണമെന്നും രാഹുൽ മോദിയോട് ആവശ്യപ്പെട്ടു. ബോക്സ് 32 ലക്ഷം ഒപ്പുകൾ മോദിക്കു കൈമാറും ബില്ലിനു പിന്തുണ വാഗ്ദാനം ചെയ്തു കഴിഞ്ഞ വർഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മോദിക്കു കത്തയച്ചിരുന്നു. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ (33.33 %) വനിതകൾക്ക് ഉറപ്പുവരുത്തുന്നതാണു ബിൽ. ബില്ലിനെ അനുകൂലിച്ചു വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച 32 ലക്ഷം ഒപ്പുകൾ മോദിക്കു വരും ദിവസങ്ങളിൽ കോൺഗ്രസ് കൈമാറും.

സുഷ്മിത ദേവ് (മഹിളാ കോൺഗ്രസ് അധ്യക്ഷ)

ലോക്സഭയിൽ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ബിൽ പാസ്സാക്കുന്നതിൽ നിന്നു മോദിയെ പിന്നോട്ടു വലിക്കുന്നത് എന്താണ്? തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാൻ ബിജെപി തയാറാകണം.