വ്യക്തിയുടെ മൂല്യം വിദ്യാഭ്യാസം മാത്രമല്ല: ത്രിപുര ഹൈക്കോടതി

 അഗർത്തല ∙ ‘‘വ്യക്തിയുടെ മേന്മ നിശ്ചയിക്കേണ്ടതു വിദ്യാഭ്യാസ യോഗ്യത അളന്നല്ല. കാര്യമായ വിദ്യാഭ്യാസം നേടാത്തവരും നമ്മുടെ രാജ്യത്തു വിജയിച്ച വ്യവസായികളാകുകയും നാടിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.’’ – ത്രിപുര ഹൈക്കോടതിയുടെ പരാമർശമാണിത്. വിദ്യാർഥി വാദിയായ വാഹനാപകട നഷ്ടപരിഹാര കേസ് പരിഗണിച്ച വേളയിലാണു കോടതി ഈ നിരീക്ഷണം നടത്തിയത്. വാഹനാപകടങ്ങളിൽ വൈകല്യം സംഭവിച്ച വ്യക്തിക്ക്, പ്രത്യേകിച്ചു വാദി വിദ്യാർഥിയാണെങ്കിൽ, നഷ്ടപരിഹാരം നൽകേണ്ടതു വിദ്യാഭ്യാസ യോഗ്യത മാത്രം പരിഗണിച്ചാകരുതെന്നു ജസ്റ്റിസ് അരിന്ദം ലോധ് പറഞ്ഞു.

വാഹനാപകടത്തിൽ വൈകല്യം സംഭവിച്ച വിദ്യാർഥിക്കു പ്രതിമാസം 10,000 രൂപവീതം നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ ഇൻഷുറൻസ് കമ്പനിയാണു ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ പുറപ്പെടുവിച്ച വിധി കണക്കിലെടുത്തായിരുന്നു കീഴ്ക്കോടതിയുടെ തീർപ്പ്. വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ, പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിക്കു ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന പ്രഫഷനൽ ബിരുദത്തിന്റെയും അതനുസരിച്ചുള്ള ജോലിയുടെയും മറ്റ് ഉയർച്ചകളുടെയും നഷ്ടം കണക്കിലെടുത്തായിരുന്നു ആ കേസിൽ കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്. എന്നാൽ, ഇപ്പോഴത്തെ കേസിൽ വിദ്യാർഥി പഠനത്തിൽ അത്ര മിടുക്കനല്ലെന്നു ചൂണ്ടിക്കാട്ടിയ ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിക്കളഞ്ഞ ഹൈക്കോടതി, കീഴ്ക്കോടതിയുടെ ഉത്തരവു ശരിവച്ചു.