അപൂർവ മീനിന് അഞ്ചര ലക്ഷം; ദുരിതം തീർന്ന് സഹോദരങ്ങൾ

മുംബൈ ∙ കടല്‍ കരുതിവച്ച നിധി വലയില്‍ കുരുങ്ങിയതോടെ പാല്‍ഘറിലെ മൽസ്യത്തൊഴിലാളികളായ സഹോദരന്‍മാരുടെ ജീവിതത്തിനും സ്വര്‍ണനിറം. മഹേഷ് ദാജി മെഹറിന്റെയും ഭരത് മെഹറിന്റെയും വലയിലാണു സ്വർണഹൃദയമുള്ള മൽസ്യമെന്നറിയപ്പെടുന്ന അപൂര്‍വയിനം ഘോള്‍ കുടുങ്ങിയത്. മുപ്പതുകിലോയുള്ള മീനിനു ലേലത്തില്‍ ലഭിച്ചതാകട്ടെ, അഞ്ചരലക്ഷം രൂപയും. ഒൗഷധത്തിനും സൗന്ദര്യവർധക വസ്തുക്കൾക്കുമാണു ഘോള്‍ ഉപയോഗിക്കുന്നത്. സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ഇന്തൊനീഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ കയറ്റുമതി ചെയ്യുകയാണു പതിവ്. 

അതീവ ഒൗഷധഗുണമുള്ള ‘ഘോൾ’ കിട്ടിയ വാർത്ത പരന്നതോടെ തീരത്ത് എത്തുമ്പോഴേക്കും വാങ്ങാൻ വ്യാപാരികൾ കാത്തുനിൽക്കുകയായിരുന്നെന്നു മഹേഷ് മെഹർ പറഞ്ഞു. ലേലത്തില്‍ വിറ്റുപോകാന്‍ വേണ്ടിവന്നത് 20 മിനിറ്റ് മാത്രം. ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്താനും നല്ലൊരു വല വാങ്ങാനുമാണു പണം ആദ്യം ഉപയോഗിക്കുന്നതെന്നു മെഹർ സഹോദരങ്ങൾ പറഞ്ഞു. ഇരുവരും രണ്ടു പതിറ്റാണ്ടിലേറെയായി മൽസ്യബന്ധന രംഗത്തുണ്ടെങ്കിലും ആദ്യമായാണു ഘോൾ മൽസ്യത്തെ കാണുന്നത്. 

പാൽഘർ പ്രദേശത്തെ മൽസ്യത്തൊഴിലാളികൾക്കു മുൻപ് ഏതാനും തവണ ഘോൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ വില കിട്ടുന്നത് ആദ്യമായാണെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു.