രാജീവ് വധക്കേസ് പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്രം

ന്യൂഡൽഹി ∙ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‍നാട് സർക്കാരിന്റെ ശുപാർശയോടു യോജിക്കുന്നില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ശിക്ഷയിളവ് നൽകുന്നത് അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും രാജ്യാന്തര തലത്തിൽ സ്വാഗതാർഹമല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണു കേന്ദ്രത്തിന്റെ നിലപാട്. ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച രേഖ പരിശോധിച്ച ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. ഏഴു തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചതായി 2016 മാർച്ചിലാണു തമിഴ്‍നാട് സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ ശുപാർശയ്ക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ജനുവരി 23നു സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം അഭിപ്രായം അറിയിച്ചത്.

പ്രതികൾക്കു വധശിക്ഷ വിധിച്ചതിന് വിചാരണക്കോടതി പ്രബലമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും രാജീവ് വധത്തെ ‘സമാനതകളില്ലാത്ത പ്രവൃത്തി’യെന്നു സുപ്രീം കോടതി തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി വി.ബി. ദുബെ സമർപ്പിച്ച മറുപടിയിൽ പറയുന്നു. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെയു മറ്റു 15 പേരെയും അതിക്രൂരമായി കൊലപ്പെടുത്തിയ നാലു വിദേശ പൗരന്മാരും മൂന്ന് ഇന്ത്യക്കാരും അടക്കമുള്ളവരെ വിട്ടയയ്ക്കുന്നത് അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കും. ജയിലുള്ള വി.ശ്രീഹരൻ (മുരുകൻ), എ.ജി.പേരറിവാളൻ, ടി.സുദേന്ദ്രരാജ (ശാന്തൻ), ജയകുമാർ, റോബർട്ട് പയസ്, പി.രവിചന്ദ്രൻ, നളിനി എന്നിവരുടെ മോചനത്തിനായാണു തമിഴ്‍നാട് സർക്കാർ ശുപാർശ നൽകിയത്. 2015ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം, കേന്ദ്ര അനുമതിയോടെ മാത്രമേ തടവുകാരെ മോചിപ്പിക്കാനാകൂ.