ഒസിഐ കാർഡ് ഉടമകളും ഇന്ത്യൻ പൗരന്മാർ: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുടമകളും രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. അമേരിക്കയിൽ താമസിക്കുന്ന മലയാളി ഡോക്ടർ ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ ഹർ‌ജിയിലാണ് കോടതി ഉത്തരവ്. മിഷനറി പ്രവർത്തനങ്ങൾ ആരോപിച്ച് തന്റെ ഒസിഐ റജിസ്ട്രേഷൻ കേന്ദ്രസർക്കാർ അന്യായമായി റദ്ദാക്കിയെന്നാണ് ക്രിസ്റ്റോ തോമസ് കോടതിയിൽ പരാതി നൽകിയത്.

റജിസ്ട്രേഷൻ റദ്ദാക്കാൻ നിർദേശിച്ച് ഇന്റലിജൻസ് റിപ്പോർട്ട് തയാറാക്കിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും ജസ്റ്റിസ് വിഭു ബക്രു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങൾക്കു മുന്നിലെ തുല്യത, അഭിപ്രായ സ്വാതന്ത്യം എന്നീ മൗലികവാകാശങ്ങൾ ഒസിഐ കാർഡുള്ളവർക്കും ബാധകമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു.

കേരളത്തിൽ ജനിച്ച ക്രിസ്റ്റോ തോമസ് അമേരിക്കയിലാണ് ജനിച്ചതെന്നുള്ള ഇന്റലിജൻസിന്റെ കണ്ടെത്തലിൽ തന്നെ പിഴവുണ്ടെന്നും ‘മെഡിക്കൽ മിഷനറി’ എന്ന ആരോപണം സ്ഥിരീകരിക്കാനുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബിഹാറിൽ മിഷനറി പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ഡോ. ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ ഒസിഐ കാർഡ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. 2016 ഏപ്രിൽ 26നാണ് ക്രിസ്റ്റോ തോമസിനെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് മടക്കി അയച്ചത്.