മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

ബീദർ ∙ റഫാൽ യുദ്ധവിമാനക്കരാറിനെക്കുറിച്ചു പൊതുവേദിയിൽ സംവാദം നടത്താനും കർണാടകയിലെ സഖ്യസർക്കാർ എഴുതിത്തള്ളിയ കാർഷിക വായ്പയുടെ 50% സാമ്പത്തികബാധ്യത ഏറ്റെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബീദറിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ‘ജനധ്വനി’ പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്രഞ്ച് യുദ്ധവിമാന കമ്പനിയുമായി യുപിഎ സർക്കാർ ചർച്ചചെയ്തുണ്ടാക്കിയ റഫാൽ കരാറിൽ മോദി സർക്കാർ വെള്ളംചേർത്തതിലൂടെ രാജ്യതാൽപര്യങ്ങളെ ബലികഴിച്ചെന്നു രാഹുൽ ആരോപിച്ചു. വിഷയത്തിൽ മോദിയുമായി സംവാദത്തിനു കളമൊരുങ്ങിയാൽ, മണിക്കൂറുകളോളം തനിക്ക് ഇതേക്കുറിച്ചു പറയാനാകുമെന്നും രാഹുൽ പറഞ്ഞു. മോദി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയല്ല. മറിച്ച് അതിസമ്പന്നരുടേതാണ്. നികുതിദായകരുടെ പണം കവർന്നു സമ്പന്ന ‘സുഹൃത്തിന്റെ’ സ്ഥാപനത്തിനു നൽകുകയാണ് ചെയ്യുന്നത് – രാഹുൽ പറഞ്ഞു.