ഹൈദരാബാദ് ഇരട്ട സ്ഫോടനം: വിധി ഇന്ന്

ഹൈദരാബാദ് ∙ ഇന്ത്യൻ മുജാഹിദീൻ ഭീകരർ പ്രതികളായ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ 11 വർഷത്തിനുശേഷം സെഷൻസ് കോടതി ഇന്നു വിധിപറയും. 2007 ഓഗസ്‌റ്റ് 25ന് രാജ്യത്തെ നടുക്കിയ രണ്ടു വൻ സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് സാദിഖ്, അക്ബർ ഇസ്മായിൽ ചൗധരി, അൻസാർ അഹമ്മദ്, ബാദ്ഷാ ഷെയ്ഖ് എന്നിവരാണു പ്രതികൾ. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംസ്‌ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിൽ അന്നു വൈകിട്ട് 7.50നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റിനുശേഷം, ആറു കിലോമീറ്റർ അകലെ കോത്തിയിലെ ഗോകുൽ ചാറ്റ് ഷോപ് എന്ന റസ്‌റ്ററന്റിൽ രണ്ടാം സ്‌ഫോടനവും നടന്നു. പൊലീസ് നടത്തിയ പരിശോധനയിൽ 16 സ്‌ഥലത്തുനിന്നുകൂടി സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തി. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്‌ത് ഇന്ത്യൻ മുജാഹിദീൻ പ്രവർ‌ത്തകരെ ഉപയോഗിച്ചു നടത്തിയതാണ് സ്ഫോടനങ്ങളെന്ന് കണ്ടെത്തിയിരുന്നു.