അടുത്ത ചീഫ് ജസ്റ്റിസ്: കേന്ദ്രം അഭിപ്രായം തേടി

ദീപക് മിശ്ര

ന്യൂഡൽഹി ∙ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കേണ്ടത് ആരെയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടു കേന്ദ്രസർക്കാർ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിനു വിരമിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. സാധാരണഗതിയിൽ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണു നിയമനം. അങ്ങനെയെങ്കിൽ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയിൽ നിയമിക്കുന്ന കാര്യത്തിൽ ജസ്റ്റിസ് ഗൊഗോയിയും സർക്കാരിന്റെ നിലപാടിനെ വിമർശിച്ചിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, സീനിയോറിറ്റി മറികടക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന് നിയമവൃത്തങ്ങളിൽ ചർച്ചയുണ്ടായിരുന്നു. 1973 ലും 1977 ലും സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിച്ച ചരിത്രമുണ്ട്.