വിവാദം വിട്ട് ഗുണമുള്ള വല്ലതും ചെയ്യൂ: പാക്കിസ്ഥാനോട് ഇന്ത്യ

സയീദ് അക്‌ബറുദ്ദീൻ

ന്യൂയോർക്ക്∙ പാക്കിസ്ഥാനിലെ പുതിയ സർക്കാർ വിവാദങ്ങളിൽ അഭിരമിക്കാതെ ദക്ഷിണേഷ്യയെ ഭീകരത, അക്രമം എന്നിവയിൽനിന്നു സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങളാണു നടത്തേണ്ടതെന്നു യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ജമ്മുകശ്മീർ പ്രശ്നം പാക്ക് പ്രതിനിധി മലീഹ ലോധി ഉന്നയിച്ചതിനു മറുപടി പറയവേയാണു പുതിയ പാക്ക് സർക്കാർ വിവാദങ്ങൾ കുത്തിപ്പൊക്കുന്ന നിഷേധാത്മകമായ സമീപനം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി സയീദ് അക്‌ബറുദ്ദീൻ ആവശ്യപ്പെട്ടത്.

കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെപ്പറ്റിയുള്ള അനാവശ്യ പരാമർശങ്ങൾ ബന്ധം മെച്ചപ്പെടുത്താൻ സഹായകമാവുകയില്ലെന്നും അക്‌ബറുദ്ദീൻ ചൂണ്ടിക്കാട്ടി. നേരത്തേ ഈ വിഷയം ഉന്നയിച്ച മലീഹ ലോധി, ഹിതപരിശോധനയിലൂടെയാണു കശ്മീർ പ്രശ്നം പരിഹരിക്കേണ്ടതെന്നും രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്കനുസരിച്ച് ഒരു നടപടിയും ഇതുവരെ ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.