നോട്ടുനിരോധനം, റഫാൽ: കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി വീണ്ടും രാഹുൽ

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിലും റഫാൽ വിമാന ഇടപാടിലും കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. തിരികെയെത്തിയ നിരോധിത നോട്ടിനെക്കുറിച്ചുള്ള ആർബിഐ കണക്കു പുറത്തുവന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, നരേന്ദ്ര മോദിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. നോട്ടുനിരോധനത്തിൽ മോദി മാപ്പു പറയേണ്ടതില്ലെന്നും അബദ്ധത്തിൽ തെറ്റു ചെയ്താലേ മാപ്പിന്റെ ആവശ്യമുള്ളൂവെന്നും രാഹുൽ പരിഹസിച്ചു.

നോട്ടുനിരോധനം മോദിക്കു സംഭവിച്ച വെറും പിശകല്ല. വൻകിട ബിസിനസുകാരെ സഹായിക്കാൻ സാധാരണക്കാരനു നേരെ കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നു. സാധാരണക്കാരനിൽ നിന്നു പണം ശേഖരിച്ചു ശിങ്കിടി മുതലാളിമാർക്കു നൽകുകയായിരുന്നു – രാഹുൽ പറഞ്ഞു. സമ്പദ്ഘടനയെ താറുമാറാക്കിയ തീരുമാനത്തിനു പിന്നിൽ എന്തായിരുന്നുവെന്നു മോദി രാജ്യത്തോടു തുറന്നു പറയണം. ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തെ ഒരു പ്രധാനമന്ത്രിയും രാജ്യത്തോട് ഇത്തരമൊരു വഞ്ചന നടത്തിയിട്ടില്ലെന്നും രാഹുൽ തുറന്നടിച്ചു. റഫാൽ ഇടപാടിനെക്കുറിച്ചും വീണ്ടും രാഹുൽ ആരോപണം ഉയർത്തി.

മോദിയും അംബാനിയും തമ്മിലാണ് യഥാർഥ കരാറുണ്ടാക്കിയത്. ഇത് എന്താണെന്ന് ജനങ്ങൾക്കറിയണം. കരാറൊപ്പിടുന്നതിനു പത്തുദിവസം മുൻപു മാത്രമാണ് അനിൽ അംബാനിയുടെ കമ്പനി റജിസ്റ്റർ ചെയ്തതെന്നും രാഹുൽ ആരോപിച്ചു.

റഫാൽ: രാഹുൽ, ജെയ്റ്റ്ലി ഏറ്റുമുട്ടൽ വീണ്ടും

റഫാൽ വിമാന ഇടപാടിന്റെ പേരിൽ വീണ്ടും രാഹുൽ ഗാന്ധിയും അരുൺ ജെയ്റ്റിലിയും നേർക്കു നേർ. സംയുക്ത പാർലമെന്റ് സമിതി റഫാൽ ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, ഇതിനു നൽകിയ സമയം അവസാനിക്കുകയാണെന്ന് ഓർമപ്പെടുത്തി അരുൺ ജയ്റ്റ്ലിക്കെതിരെ ഇട്ട ട്വീറ്റാണു ചർച്ചയായത്. 24 മണിക്കൂറിനകം ജെപിസി രൂപീകരിക്കണമെന്നും രാജ്യം തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കഴിഞ്ഞദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.

പറഞ്ഞ 24 മണിക്കൂറിന് ഇനി ആറു മണിക്കൂർ സമയമേയുള്ളൂവെന്നായിരുന്നു രാഹുലിന്റെ ഓർമപ്പെടുത്തൽ. യുവ ഇന്ത്യ കാത്തിരിക്കുകയാണ്. മോദിജിയെയും അനിൽ അംബാനിയെയും പറഞ്ഞു ബോധ്യപ്പെടുത്തുന്ന തിരക്കിലാവും താങ്കളെന്നുമായിരുന്നു ജയ്‌റ്റ്ലിയെ പേരെടുത്തു പറഞ്ഞുള്ള രാഹുലിന്റെ പരിഹാസം.

ഇതിനു പിന്നാലെ, മറുപടിയുമായി ജയ്‌റ്റ്ലിയും രംഗത്തെത്തി. രാഹുലിന്റെ ആരോപണവുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങൾ അദ്ദേഹം വായിച്ചില്ലെന്നു തോന്നുന്നതായും യുപിഎ കാലത്തെക്കാൾ 20% ചെലവു കുറവാണു ബിജെപിയുടെ വിമാനക്കരാറെന്നും ജയ്‌റ്റ്ലി ട്വിറ്ററിൽ വിശദീകരിച്ചു.