ഗംഗയുടെ സംരക്ഷണത്തിനു സായുധസേന; അനധികൃതമായി മീൻ പിടിച്ചാൽ രണ്ടുവർഷം തടവും രണ്ടുലക്ഷം പിഴയും

ന്യൂഡൽഹി∙ ഗംഗാനദിയിലെ മലിനീകരണം തടയാൻ പ്രത്യേക സായുധസേനയെ നിയോഗിക്കാൻ നീക്കം. ഇതു സംബന്ധിച്ചു കേന്ദ്ര ജലവിഭവ മന്ത്രാലയം തയാറാക്കിയ കരടു ബില്ലിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി.   

കേന്ദ്ര സർക്കാരിനു കീഴിലാണു സായുധ സേനയായ ഗംഗാ പ്രൊട്ടക്‌ഷൻ കോർ (ജിപിസി) രൂപീകരിക്കുക. കുറ്റക്കാരെ അറസ്റ്റ് ചെയ്തു സമീപ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ സേനയ്ക്ക് അധികാരമുണ്ടാവും. ഗംഗയുടെ പുനരുജ്ജീവനം സംബന്ധിച്ചു 2017ൽ ജസ്റ്റിസ് ഗിരിധർ മാളവ്യയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ച നാലംഗ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണു പുതിയ ബിൽ തയാറാക്കിയിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ

∙ ഗംഗാ സംരക്ഷണത്തിന് അറസ്റ്റിന് അധികാരമുള്ള സായുധ സേന.

∙ ദേശീയ ഗംഗാ സമിതി, ദേശീയ ഗംഗാ പുനരുദ്ധാരണ അതോറിറ്റി എന്നിവ രൂപീകരിക്കണം. സേനയുടെ വിന്യാസത്തിന്റെ ചുമതല അതോറിറ്റിക്ക്.

∙ അനധികൃത മീൻപിടിത്തം, മൽസ്യക്കൃഷി എന്നിവയ്ക്കു രണ്ടുവർഷം തടവും രണ്ടുലക്ഷം പിഴയും.

∙ ഒഴുക്കു തടയുന്ന നിർമാണത്തിനു രണ്ടുവർഷം തടവ് അല്ലെങ്കിൽ 50 ലക്ഷം രൂപ പിഴ.

∙ മലിനജലം തുറന്നുവിട്ടാൽ അഞ്ചുവർഷം തടവും 50,000 രൂപ പിഴയും.