ട്രെയിനപകട മരണങ്ങൾ കുറയുന്നു

(ഫയൽ ചിത്രം)

ന്യൂഡൽഹി∙ ട്രെയിനപകടങ്ങളിൽ ആളപായം സംഭവിക്കുന്നതു കുറഞ്ഞിട്ടുണ്ടെന്ന് റെയിൽവേ. 2017 സെപ്റ്റംബർ മുതൽ കഴിഞ്ഞ ഓഗസ്റ്റ് വരെ 75 അപകടങ്ങളിലായി 40 പേർക്കാണു ജീവൻ നഷ്ടമായത്. ട്രെയിൻ നേരിട്ട് ഉൾപ്പെട്ട അപകട മരണ നിരക്കു മാത്രമാണിത്. ലവൽക്രോസുകളിലെ അപകടം, ട്രെയിൻ കോച്ചിലെ തീപിടിത്തം തുടങ്ങി മറ്റു കാരണങ്ങളാൽ 36 പേർ മരിച്ചതായും റെയിൽവേ കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇതേസമയം, മുൻവർഷങ്ങളിലെ താരതമ്യത്തിൽ മരണനിരക്കു കുറവാണെന്നും കർശനമായ സുരക്ഷാനടപടികളുടെ ഫലമാണിതെന്നും റെയിൽവേ വിശദീകരിച്ചു. 2016–17 വർഷം ഇതേ കാലയളവിൽ 80 അപകടങ്ങളിലായി 249 പേരാണ് മരിച്ചത്. 2016 നവംബറിൽ കാൻപുരിനടുത്ത് ട്രെയിൻ പാളം തെറ്റി 150 പേർ മരിച്ചതടക്കമുള്ള കണക്കാണിത്. 2013–14 ലാണ് ഏറ്റവും കൂടുതൽപേർക്ക് ജീവൻ നഷ്ടമായത്. 139 അപകടങ്ങളിലായി 275 മരണം. 2014–15 ൽ 108 അപകടങ്ങളിൽ 196 പേർക്കും ജീവൻ നഷ്ടമായി.

‘ആളില്ലാ വില്ലനെ’ നീക്കും

2020ൽ രാജ്യത്തെ മുഴുവൻ ആളില്ലാ ലവൽക്രോസുകളും ഒഴിവാക്കുമെന്നു റെയിൽവേ. വൻ ദുരന്തങ്ങളൊഴിച്ചാൽ, ആളില്ലാ ലവൽക്രോസുകളിലെ അപകടമാണ് ഏറ്റവും വില്ലനെന്നു തെളിയിക്കുന്നതാണു കണക്കുകൾ. 2017 സെപ്റ്റംബറിനും ഓഗസ്റ്റിനും ഇടയിൽ ആളില്ലാ ലവൽക്രോസുകളിൽ മാത്രം 28 ജീവനുകൾ പൊലിഞ്ഞു. ഇതേ കാലയളവിൽ 1565 ആളില്ലാ ലവൽ ക്രോസുകൾ നീക്കം ചെയ്ത റെയിൽവേ ഈ വർഷം 1600 എണ്ണം കൂടി നീക്കം ചെയ്യും.