ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. നിയമന ഉത്തരവിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ഇന്ത്യയുടെ 46–ാം ചീഫ് ജസ്റ്റിസായി അദ്ദേഹം ഒക്ടോബർ മൂന്നിനു ചുമതലയേൽക്കും. 13 മാസത്തിനുശേഷം അടുത്ത വർഷം നവംബർ 17നു വിരമിക്കും. 

1978ൽ അഭിഭാഷകനായ രഞ്ജൻ ഗൊഗോയ് 2001 ഫെബ്രുവരി 28നു ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായി. 2011ൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23നു സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 

കേസുകൾ കേൾക്കുന്നതു സംബന്ധിച്ചു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായി ജനുവരിയിൽ ഗൊഗോയ് ഉൾപ്പെടെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതെത്തുടർന്നു ചീഫ് ജസ്റ്റിസ് മിശ്ര, പിൻഗാമിയായി രഞ്ജൻ ഗൊഗോയ്‌യെ നിർദേശിക്കില്ലെന്നും അഭ്യൂഹമുയർന്നിരുന്നു.