നായ്ക്കൾക്കായി ഹൈദരാബാദിൽ പാർക്ക്; രാജ്യത്താദ്യം

ഹൈദരാബാദ് ∙ നീന്തിത്തുടിക്കാൻ കുളം, കാഴ്ചകണ്ടു നടക്കാൻ നടപ്പാത, ഓടിക്കളിക്കാൻ പുല്ലുവെട്ടിയൊതുക്കിയ മൈതാനങ്ങൾ, വ്യായാമത്തിനുള്ള സൗകര്യം, ശുചിമുറികൾ, പിന്നെയൊരു ആംഫി തിയറ്ററും: വളർത്തുനായ്ക്കൾക്കായി ഹൈദരാബാദിൽ തുറക്കാൻ പോകുന്ന പാ‍ർക്കിലെ വിശേഷങ്ങളാണ്. രാജ്യാന്തരനിലവാരത്തിലുള്ള പാർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യും.

വിദേശരാജ്യങ്ങളിലുള്ള ‘ഡോഗ് പാർക്കി’ന്റെ മാതൃകയിൽ നഗരത്തിൽ പാർക്ക് തുറക്കാനുള്ള ആശയം ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ സോണൽ കമ്മിഷണർ ഡി.ഹരിചന്ദനയുടേതായിരുന്നു. കൊണ്ടാപുരിൽ മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒരേക്കറോളം സ്ഥലമാണ് ഒരുകോടിയിലേറെ രൂപ മുടക്കി പാർക്കായി മാറ്റിയെടുത്തത്. നഗരത്തിൽ രണ്ടരലക്ഷം പേർ വീട്ടിൽ നായ്ക്കളെ വളർത്തുന്നുണ്ടെന്നാണു കണക്ക്. സാധാരണ പാർക്കുകളിൽ വളർത്തുനായ്ക്കൾക്കു പ്രവേശനമില്ലാത്തതിനു പുതിയ പാർക്ക് വരുന്നതോടെ പരിഹാരവുമായി.