പൗരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ഇടപെടുമെന്ന് സുപ്രീം കോടതി: മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നീട്ടി

ന്യൂഡൽഹി ∙ മാവോയിസ്റ്റ് ബന്ധമാരോപിച്ചു മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവർത്തകർ വീട്ടുതടങ്കലിൽ കഴിഞ്ഞാൽ മതിയെന്ന ഉത്തരവു സുപ്രീം കോടതി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. പൗരൻമാർക്കു ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനാലാണു പൊലീസ് നടപടിക്കെതിരെയുള്ള ഹർജി പരിഗണിക്കാൻ തീരുമാനിച്ചതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘അപരിചിത’രുടെ ഹർജിയായതിനാൽ തള്ളണമെന്നും മഹാരാഷ്ട്ര സർക്കാരും മറ്റും വാദിച്ചപ്പോഴാണു കോടതി നിലപാട് വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്താറുള്ളത് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തക്ക തെളിവുകളുണ്ടോയെന്നു പരിശോധിക്കുമെന്നും ബെഞ്ച് പറഞ്ഞു. എല്ലാ കേസുകളിലും സുപ്രീം കോടതി ഇടപെടുന്നതിലുള്ള അതൃപ്തി വാദത്തിനിടെ മഹാരാഷ്ട്ര സർക്കാർ പ്രകടിപ്പിച്ചെങ്കിലും, ആവശ്യമെന്നു കണ്ടാൽ ഇടപെടുമെന്നു ബെഞ്ച് മറുപടി നൽകി.

‘ആരോപണങ്ങൾ വാസ്തവമാണോയെന്നു ഞങ്ങൾ പരിശോധിക്കും. അതു കെട്ടിച്ചമച്ചതാണെങ്കിൽ റദ്ദാക്കും. ആവശ്യമാണെങ്കിൽ, ഇടപെടുകതന്നെ ചെയ്യും– ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരും അംഗങ്ങളായ ബെഞ്ച് പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും. തെലുങ്കു കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നാവലാഖ, മുതിർന്ന അഭിഭാഷക സുധ ഭരദ്വാജ്, സാമൂഹിക പ്രവർത്തകരായ അരുൺ ഫെരേര, വെർനൺ ഗോൽസാൽവസ് എന്നിവരെയാണു കഴിഞ്ഞ മാസം 28 നു മാവോയിസ്റ്റ് ബന്ധമാരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്തത്.

പുണെയിൽ നടന്ന ദലിത് കൂട്ടായ്മയായ എൽ‍ഗാർ പരിഷത്തിനുശേഷം ഭീമ– കൊറെഗാവിൽ ദലിതർക്കെതിരെ വ്യാപക അക്രമമുണ്ടായി. അന്നു റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അറസ്റ്റിനെതിരെ പ്രമുഖ ചരിത്രകാരി റോമിള ഥാപ്പർ, സാമ്പത്തികശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക് തുടങ്ങിയവർ നൽകിയ ഹർജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.