നുണ പറയുന്നതാര്? പോരടിച്ച് ജയ്റ്റിലും കോൺഗ്രസും

അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ ആരോപണശരങ്ങളുമായി ഭരണ– പ്രതിപക്ഷം ഇന്നലെയും രംഗത്തിറങ്ങിയതോടെ, ദേശീയ രാഷ്ട്രീയക്കളത്തിൽ റഫാൽ വിവാദം തുടരുന്നു. ‘താങ്കൾ കളവു പറയുന്നു. കിട്ടാക്കടത്തെയും വ്യവസായികളുടെ കടമെഴുതിത്തള്ളുന്നതിനെയും കുറിച്ചും കള്ളം പറയുന്നു– കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ധനമന്ത്രി അരുൺ ജയ്റ്റ്ലി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജയ്റ്റ്ലിയാണു നുണയനെന്നു കോൺഗ്രസ് തിരിച്ചടിച്ചു. 

സർക്കാരിനെതിരെ രാഹുൽ നടത്തുന്ന പ്രചാരണമാണു ജയ്റ്റ്‌ലിയെ ‌പ്രകോപിപ്പിക്കുന്നത്. 15 പ്രമുഖ വ്യവസായികളുടെ 2.5 ലക്ഷം കോടി രൂപ മോദി സർക്കാർ എഴുതിത്തള്ളിയെന്ന ആരോപണം അസത്യമാണ്. വ്യവസായികളെടുത്ത വായ്പയിൽ ഒരു രൂപ പോലും എഴുതി‌ത്തള്ളിയിട്ടില്ല. കിട്ടാക്കടത്തിൽ മുന്നിലുള്ള 12 വ്യവസായികൾക്കും വായ്പ നൽകിയതു യുപിഎയാണ്. 

ബാങ്കുകളെ കൊള്ളയടിക്കാൻ യുപിഎ സർക്കാരാണു വ്യവ‌സായികളെ അനുവദിച്ചത്. എന്നാൽ, കള്ളം തുടർച്ചയായി ആവർത്തിച്ചു സത്യമാണെന്നു സ്ഥാപിക്കാനാണു രാഹുലിന്റെ ശ്രമം. കള്ളപ്രചാരണം നടത്തുന്നവരെ പൊതുരംഗത്തു നിന്നു പുറത്താക്കുകയാണു പക്വതയുള്ള ജനാ‌ധിപത്യരാജ്യങ്ങളിലെ പതിവ് – ജയ്റ്റ്ലി പറഞ്ഞു. 

നുണയനെന്നു വിശേഷിപ്പിക്കാൻ ജയ്റ്റ്ലിയുടെ പേര് പരിഷ്കരിച്ചായിരുന്നു കോൺഗ്രസിന്റെ പ്രത്യാക്രമണം. അദ്ദേഹം ജയ്റ്റ്ലി അല്ല ‘ലയർ ജയ്റ്റ് ലൈ’ ആണ്– കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പരിസഹിച്ചു. നിർമല സീതാരാമൻ രാജ്യത്തിന്റെ രക്ഷാമന്ത്രിയല്ല, റഫാൽ മന്ത്രിയാണെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

  മോദിയുടേത് കുറ്റകരമായ മൗനം: രാഹുൽ 

ജയ്പുർ∙ രാജ്യത്തെ ഓരോ തെരുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന ശബ്ദമാണ് ഉയരുന്നതെന്നു രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ കുറ്റകരമായ മൗനമാണു മോദി തുടരുന്നത്. ജീവിതത്തിൽ ഒരു വിമാനംപോലും നിർമിച്ചിട്ടില്ലാത്ത കമ്പനിക്കു റഫാൽ വിമാനക്കരാർ സമ്മാനിച്ചു. മൂന്നിരട്ടി വില നൽകിയാണു വിമാനങ്ങൾ വാങ്ങിയതെന്നും രാഹുൽ ആരോപിച്ചു.