ഒന്നാമനും രണ്ടാമനും തമ്മിലടി; പ്രതിച്ഛായ മങ്ങി സിബിഐ

അലോക് വർമ, രാകേഷ് അസ്താന

ന്യൂഡൽഹി∙ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസിയായ സിബിഐയിൽ ഡയറക്ടർ അലോക് വർമയും തൊട്ടു താഴെയുള്ള സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പോര് പരസ്യമായി. അസ്താനയ്ക്കെതിരെ ആറു കേസുകളിൽ അന്വേഷണം നടക്കുകയാണെന്നു സിബിഐ തന്നെ പ്രഖ്യാപിച്ചു. അതേസമയം അലോക് വർമ തന്റെ  കേസന്വേഷണത്തിൽ ഇടപെട്ടു തടസ്സമുണ്ടാക്കുന്നതായി കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയ്ക്കു നൽകിയ പരാതിയിൽ അസ്താന ആരോപിച്ചു. ഇതന്വേഷിക്കാൻ സെക്രട്ടറി സെൻട്രൽ വിജിലൻസ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണു സിബിഐയുടെ വാദം.

അസ്താനയ്ക്കെതിരെ അന്വേഷണം നടക്കുന്ന ആറു കേസുകളിൽ ഒന്ന് 5000 കോടിയുടെ സ്റ്റെർലിങ് ബയോടെക് അഴിമതിക്കേസാണ്. ഉടമകൾ പണം നൽകിയതായി അവരുടെ ഡയറികളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിൽ അസ്താനയുമുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്റ്റെർലിങ്ങിന്റെ ഉടമകൾ നൽകിയ വിമാന ടിക്കറ്റുകൾ ഉപയോഗിച്ചു യാത്ര ചെയ്തതായും ആരോപണമുണ്ട്.

ലാലു പ്രസാദ് യാദവും ഭാര്യയും മകനും പ്രതിയായ െഎആർസിടിസി കേസിൽ അലോക് വർമ അന്വേഷണം വൈകിപ്പിച്ചു എന്നാണ് അസ്താനയുടെ ആരോപണം. ഇതു ശരിയല്ലെന്നും കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞുവെന്നും ഡയറക്ടറുടെ പക്ഷത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

സിബിഐയുടെ പ്രതിച്ഛായ മങ്ങിയിരിക്കുന്ന ഘട്ടത്തിലാണു പുതിയ ചേരിപ്പോര്. വിജയ് മല്യയ്ക്കു രാജ്യം വിട്ടുപോകുന്നതിനായി സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥൻ ലുക്ക്ഒൗട്ട് നോട്ടിസിൽ ഇളവു വരുത്തി എന്ന ആരോപണം നിലനിൽക്കുകയാണ്. എ.പി.സിങ് (2010–12), രഞ്ജിത് സിങ് (2012–14) എന്നീ മുൻ ഡയറക്ടർമാർക്കെതിരെ അഴിമതി അന്വേഷണം നടക്കുന്നുണ്ട്.

മുൻ കേന്ദ്രമന്ത്രി പി.ചിദംബരവും മകൻ കാർത്തിയും ഉൾപ്പെട്ട എയർസെൽ–മാക്സിസ് കേസിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് അസ്താന മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നും ആരോപണമുണ്ട്. അഡീഷണൽ ഡയറക്ടറായിരുന്ന അസ്താനയ്ക്ക് 2017ൽ സ്പെഷൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയതു വർമയുടെ എതിർപ്പിനെ മറികടന്നാണ്.