ഒഡീഷയിൽ കമ്മിഷൻ ഭരണ സംസ്കാരം: മോദി

നരേന്ദ്ര മോദി

ജാർസുഗുദ (ഒഡീഷ)∙ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വേണ്ടെന്നുവച്ച ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി വിമർശിച്ചു. ‘കമ്മിഷൻ ശതമാന’ (പിസി) ഭരണ സംസ്കാരം സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജാർസുഗുദയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വച്ഛ് ഭാരത് പദ്ധതിയിൽ പിന്നിലാണ് ഒഡീഷ. ആയുഷ്മാൻ പദ്ധതിയുടെ പ്രാധാന്യം പട്നായിക്കിനു മനസ്സിലായിട്ടില്ല. പദ്ധതിയിൽ ഒഡീഷ ചേരണമെന്നു പ്രധാനമന്ത്രി വീണ്ടും അഭ്യർഥിച്ചു. ദിരിദ്രരായ 10 കോടി കുടുംബങ്ങൾക്കു പ്രതിവർഷം 5 ലക്ഷം രൂപവീതം ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതാണു പദ്ധതി. ഉദ്ഘാടനം ഇന്നു ജാർഖണ്ഡിൽ പ്രധാനമന്ത്രി നിർവഹിക്കും. അതിലും മികച്ച പദ്ധതി ‘ബിജു സ്വാസ്ഥ്യ കല്യാൺ യോജന’ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടെന്നാണു നവീൻ പട്നായിക് സർക്കാരിന്റെ നിലപാട്. ജാർസുഗുദയിൽ പുതിയ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.