പ്രാദേശിക സഖ്യങ്ങൾക്ക് വഴിതുറന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പു സഖ്യങ്ങൾ വിലയിരുത്തി കോൺഗ്രസ് ചർച്ച

ന്യൂഡൽഹി ∙ ഘടകകക്ഷികളെ ഒപ്പംനിർത്തി ഇടതിനും ബിജെപിക്കുമെതിരായ ദ്വിമുഖ പോരാട്ടത്തിനു കച്ചമുറുക്കാൻ കോൺഗ്രസ് സംസ്ഥാന ഘടകത്തിനു ദേശീയനേതൃത്വത്തിന്റെ നിർദേശം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ വിവിധ സംസ്ഥാന അധ്യക്ഷന്മാരുമായി ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ചർച്ചയായത്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും ദേശീയ നേതൃത്വം പരിശോധിച്ചു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, കർണാടക, ഒഡിഷ, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തി. സംസ്ഥാനതലത്തിൽ പ്രാദേശിക സഖ്യങ്ങൾക്കു രൂപം നൽകി, പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുകയാണു കോൺഗ്രസ് ലക്ഷ്യം. ഛത്തീസ്ഗഡിൽ അജിത് ജോഗിയുമായി കൈകോർക്കാനുള്ള ബിഎസ്പി നേതാവ് മായാവതിയുടെ നീക്കം കോൺഗ്രസിനു മേൽ സമ്മർദം ചെലുത്താനുള്ള തന്ത്രമാണെന്നു പാർട്ടി വിലയിരുത്തി.

രാജസ്ഥാനിൽ ബിഎസ്പിയുടെ കൂട്ട് വേണ്ടെന്നും തനിച്ചു മൽസരിക്കാനുള്ള കരുത്തുണ്ടെന്നുമാണു സംസ്ഥാന ഘടകത്തിന്റെ നിലപാട്. ബിഹാറിൽ ആർജെഡിയുമായുള്ള സഖ്യം കൂടുതൽ ദൃഢമാക്കണമെന്നു യോഗം വിലയിരുത്തി. എൻസിപിക്കു പുറമെ ബിഎസ്പിയുമായും സഖ്യമുണ്ടാക്കുന്നതു ഗുണം ചെയ്യുമെന്നു മഹാരാഷ്ട്ര ഘടകം ചൂണ്ടിക്കാട്ടി. ഒഡിഷയിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ഇടത് കക്ഷികൾ എന്നിവയുമായി സഖ്യസാധ്യത പരിശോധിക്കും. കർണാടകയിൽ ജെഡിഎസുമായി സഖ്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.