തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ്

മുംബൈ∙ മുതിർന്ന നടൻ നാനാ പടേക്കർ തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി ബോളിവുഡിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും. 

സംഭവം നടക്കുമ്പോൾ ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തക ജനിസ് സെക്വേര ട്വിറ്ററിലൂടെ ഇക്കാര്യം വിശദീകരിച്ചതോടെയാണ് ബോളിവുഡ് ഉണർന്നത്. 

ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, സോനം കപൂർ അഹുജ, കൊങ്കണ സെൻ ശർമ, അനുരാഗ് കശ്യപ്, റിച്ച ഛദ്ദ, ട്വിങ്കിൾ ഖന്ന, കുനാൽ കപുർ തുടങ്ങിയർ തനുശ്രീക്കു പിന്തുണ അറിയിച്ചു.

അതേസമയം അമിതാഭ് ബച്ചൻ, ആമിർഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. താൻ തനുശ്രീയോ നാനാ പടേക്കറോ അല്ലെന്നായിരുന്നു ചാനൽ  അഭിമുഖത്തിൽ ബച്ചന്റെ പ്രതികരണം.

2008ൽ ഹോൺ ഒകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ ഡാൻസ് റിഹേഴ്‌സലിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം.