വനിതാ ജഡ്ജിയുടെ പരാതി: സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡൽഹി ∙ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ജോലി രാജിവയ്ക്കേണ്ടിവന്ന വനിതാ ജഡ്ജി, തന്നെ സർവീസിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം മറുപടി നൽകാൻ സുപ്രീം കോടതി മധ്യപ്രദേശ് ഹൈക്കോടതി റജിസ്ട്രാറോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ എല്ലാ വശവും പഠിക്കാമെന്നു ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികളിൽ അഭിഭാഷകയായിരുന്ന ഹർജിക്കാരി 2011 ലാണ് മധ്യപ്രദേശ് ജുഡീഷ്യൽ സർവീസിൽ ചേർന്നത്. ജോലി തുടരുന്നതിനിടെ ഹൈക്കോടതിയിലെ ഒരു ജഡ്ജി അപമര്യാദയായി പെരുമാറിയെന്നും അതുമായി ബന്ധപ്പെട്ട് അന്യായമായി സ്ഥലം മാറ്റിയെന്നും ആരോപിച്ച് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി ജഡ്ജിക്ക് അനുകൂലമായിരുന്നു. തുടർന്ന് അഡീഷനൽ ജില്ലാ ജഡ്ജിയായിരുന്ന ഇവർ 2014 ജൂലൈയിൽ രാജിവച്ചു. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ജോലി ചെയ്യാനുള്ള മൗലികാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ പിന്നീടു സുപ്രീം കോടതിയെ സമീപിച്ചത്.

വനിതാ ഉദ്യോഗസ്ഥയുടെ ആരോപണത്തെ 58 എംപിമാർ പിന്തുണച്ചതിനെ തുടർന്ന് രാജ്യസഭ സുപ്രീം കോടതി ജഡ്ജി ഭാനുമതിയുടെ അധ്യക്ഷതയിൽ 3 അംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി 2017 ഡിസംബറിൽ നൽകിയ റിപ്പോർട്ടും ജഡ്ജിക്ക് അനുകൂലമായിരുന്നു.