ചരിത്രവിധി; മേൽക്കോടതിയുടെ അനുമതിയില്ലാതെ അപ്പീൽ നൽകാം

ന്യൂഡൽഹി∙ ക്രിമിനൽ കേസുകളിൽ പ്രതികൾ വിട്ടയയ്ക്കപ്പെടുമ്പോൾ, മേൽക്കോടതിയുടെ അനുമതിയില്ലാതെ തന്നെ അതു ചോദ്യംചെയ്യാൻ ഇരകൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ക്രിമിനൽ ശിക്ഷാനിയമത്തിലെ 372–ാം വകുപ്പ് ഇരകൾക്ക് പ്രയോജനകരമാകും വിധം യാഥാർഥ്യബോധത്തോടെയുള്ളതും സ്വതന്ത്രവും പുരോഗമനപരവുമാകണമെന്നു ജസ്റ്റിസുമാരായ മദൻ ബി. ലോക്കുർ, അബ്ദുൽ നാസർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ 3 പേരും യോജിച്ചെങ്കിലും വിധി അപ്പീൽ കോടതിയുടെ അനുമതിയില്ലാതെ ചോദ്യംചെയ്യാനുള്ള ഇരയുടെ അവകാശത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത വിയോജിച്ചു. നിലവിൽ സംസ്ഥാന സർക്കാരിനാണ് അപ്പീൽ നൽകാനുള്ള അവകാശമുള്ളത്.

കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ അവകാശം സംബന്ധിച്ച് പാർലമെന്റോ നിയമവ്യവസ്ഥയോ പൊതുസമൂഹമോ കാര്യമായ ശ്രദ്ധ ചെലുത്താറില്ല. ഇക്കാര്യത്തിൽ പുതിയ മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ഇരകളുടെ അവകാശത്തിനു മുഖ്യപ്രാധാന്യം ലഭിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശത്തിലും സാമൂഹ്യനീതിയിലും നിയമവാഴ്ചയിലും ഇതാണുണ്ടാവേണ്ടത്.

എന്നാൽ, ഗുരുതരമായ കുറ്റങ്ങൾക്ക് ഇരകളാകുന്നവർക്ക് പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്യാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. പ്രതികൾ വിട്ടയയ്ക്കപ്പെട്ടാൽ അപ്പീൽ കോടതിയുടെ അനുമതിയില്ലാതെ അതു ചോദ്യംചെയ്യാൻ ആവില്ലെന്നതു ദുഃഖകരമാണ്. അപ്പീൽ നൽകാൻ ബാധ്യസ്ഥരായ സർക്കാർ പലപ്പോഴും ഉദാസീനമായി പ്രവർത്തിക്കുന്നു. ഇരകൾക്ക് പ്രാധാന്യം ലഭിക്കേണ്ടിയിരിക്കുന്നു– ചരിത്രവിധിയിൽ ജസ്റ്റിസ് മദൻ ബി. ലോക്കുർ പറയുന്നു.  കുറ്റാരോപിതർക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളും കീഴ്‍വഴക്കങ്ങളും അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗുപ്ത വിയോജിച്ചത്.