ആരാധനാലയങ്ങളിൽ മതം നോക്കാതെ സ്ത്രീപ്രവേശം: ഹർജി തള്ളി

ന്യൂഡൽഹി∙ പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തളളി. ഹർജിയിൽ പറയുന്ന ആരാധനാലയങ്ങൾ തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളിലും മുസ്‍ലിം പള്ളികളിലും പാഴ്സികളുടെ ആരാധനാലയങ്ങളിലും പ്രായമോ മതമോ നോക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് കുമാറാണു കോടതിയെ സമീപിച്ചത്.

ആർത്തവ കാലത്തുൾപ്പെടെ മതപരിഗണനയില്ലാതെ സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുക, പൂജാരി, ഇമാം, വികാരി എന്നീ സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുക, ആറ്റുകാൽ, ചക്കുളത്തുകാവ് ക്ഷേത്രങ്ങളിൽ പുരുഷൻമാർക്കും തുല്യപരിഗണന നൽകുക, സ്ത്രീകൾക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളിൽ പുരുഷൻമാർക്കും പ്രവേശനം നൽകുക, ആർത്തവ സമയത്തു വ്രതമനുഷ്ഠിക്കാനും പ്രാർഥിക്കാനും മുസ്‍ലിം സ്ത്രീകൾക്ക് അനുവാദമില്ലാത്തതിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുക, ആർത്തവ കാലത്തു ഹിന്ദു സ്ത്രീകൾക്ക് അടുക്കളയിൽ കയറാനും പ്രാർഥിക്കാനും അനുവാദം നൽകുക എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു.