എല്ലാം വിഴുങ്ങുന്ന ‘അനാക്കോണ്ട’യാണ് മോദി എന്ന് ടിഡിപി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പെരുമ്പാമ്പിനോട് (അനാക്കോണ്ട) ഉപമിച്ച് തെലുങ്കുദേശം പാർട്ടി (ടിഡിപി). സിബിഐ, ആർബിഐ പോലെയുള്ള ദേശീയ സ്ഥാപനങ്ങളെ മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ടിഡിപി നേതാവും ആന്ധ്ര ധനമന്ത്രിയുമായ യനമല രാമകൃഷ്ണനുഡു കുറ്റപ്പെടുത്തി. 

‘നരേന്ദ്രമോദിയെക്കാൾ വലിയ അനാക്കോണ്ടയുണ്ടോ? എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന അദ്ദേഹം തന്നെയാണ് അനാക്കോണ്ട’– രാമകൃഷ്ണനുഡു പറഞ്ഞു.

കഴിഞ്ഞദിവസമാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സഖ്യചർച്ച നടത്തിയത്. ടിഡിപി–കോൺഗ്രസ് സഖ്യശ്രമത്തെ വിമർശിച്ച ബിജെപിക്കുള്ള മറുപടിയായാണു ആന്ധ്ര ധനമന്ത്രി മോദിയെ തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിലുള്ള ഭീമൻ പാമ്പുകളായ അനാക്കോണ്ടയോട് ഉപമിച്ചത്. 

ചന്ദ്രബാബു നായിഡുവിനെ ‘അഴിമതിയുടെ രാജാവ് ’എന്ന് വിശേഷിപ്പിച്ചാണു ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചത്. ‘ചന്ദ്രബാബു നായിഡു ഏതുനില വരെയും താഴും. 2017 ൽ എൻഡിഎ യോഗത്തിൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നു പ്രമേയം പാസാക്കിയ ആളാണ് ഇപ്പോൾ മോദിയെ പ്രതിയാക്കാൻ നോക്കുന്നത്’–ബിജെപി ആന്ധ്ര പ്രസിഡന്റ് കണ്ണ ലക്ഷ്മിനാരായണ പറഞ്ഞു.