മതനിരപേക്ഷ കക്ഷികൾ ഒരുമിക്കും: ചന്ദ്രബാബു നായിഡു

ബെംഗളൂരു∙ രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ മതനിരപേക്ഷ കക്ഷികൾ കൈകോർക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുമായും മകൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺ.–ദൾ സഖ്യം നേടിയ വിജയം വിശാലസഖ്യത്തിനു മുന്നിൽ ബിജെപിക്കു പിടിച്ചു നിൽക്കാനാകില്ലെന്നതിന്റെ തെളിവാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയെ പിന്നീടു തീരുമാനിക്കും. ആദ്യം രാജ്യത്തെ രക്ഷിക്കാം. ബിഎസ്പി അധ്യക്ഷ മായാവതി, യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇന്നു ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനെ കാണും. കോൺഗ്രസാണ് മുഖ്യപ്രതിപക്ഷ കക്ഷിയെന്നതിനാൽ സഖ്യത്തിന്റെ നങ്കൂരവും അവർ തന്നെയാകുമെന്നും നായിഡു വ്യക്തമാക്കി. 

ബിജെപി വിരുദ്ധ മതനിരപേക്ഷ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട ഭാവി നടപടികളാണു ചർച്ച ചെയ്തതെന്നു മുൻ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ പറഞ്ഞു. ദേവെഗൗഡ പ്രധാനമന്ത്രിയായ1996 ലെ പ്രാദേശിക കക്ഷി കൂട്ടായ്മ 2019 ൽ ആവർത്തിക്കുമെന്നു കുമാരസ്വാമി അഭിപ്രായപ്പെട്ടു.