നോട്ട് നിരോധനവാർഷികം: റിസർവ് ബാങ്കിനുമുന്നിൽ കോൺഗ്രസ് പ്രതിഷേധം

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന്റെ 2–ാം വാർഷികത്തോടനുബന്ധിച്ചു കോൺഗ്രസിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിനു മുന്നിൽ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന പ്രകടനം ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞതു നേരിയ സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച നോട്ട് നിരോധനം പൂർണദുരന്തമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

നിരോധിച്ച നോട്ടുകളിൽ 99 ശതമാനത്തോളം തിരികെ ബാങ്കുകളിലെത്തിയെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ഇതിനു തെളിവാണ്. ‌രാജ്യത്തിനുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദി ആരാണെന്നു ബിജെപി വ്യക്തമാക്കണം. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രക്രിയ മാത്രമായിരുന്നുവെന്നും സുർജേവാല കുറ്റപ്പെടുത്തി. പ്രതിഷേധത്തിനു നേതൃത്വം നൽകിയ നേതാക്കളായ അശോക് ഗെലോട്ട്, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ്മ, മുകുൾ വാസ്നിക്, സുർജേവാല, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയച്ചു.