ബംഗാളിൽ ഒറ്റയ്ക്കു മതിയെന്ന് സംസ്ഥാന കോൺഗ്രസ്; സിപിഎം ദുർബലം, സഖ്യംകൊണ്ട് ഗുണമില്ല

കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി ഒറ്റയ്ക്കു മൽസരിക്കണമെന്നു കോൺഗ്രസ് ബംഗാൾ ഘടകം. തൃണമൂൽ കോൺഗ്രസോ സിപിഎമ്മോ ആയുള്ള സഖ്യം പാർട്ടിക്കു ഗുണംചെയ്യില്ലെന്നു പിസിസി അധ്യക്ഷൻ സോമൻ മിത്ര പറഞ്ഞു. കർണാടക മാതൃകയിൽ പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം ബംഗാളിൽ പാർട്ടിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നാണു സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം സോമൻമിത്ര രാഹുൽ ഗാന്ധിയെ അറിയിച്ചു.

തൃണമൂൽ സഖ്യം താൽക്കാലികമായി പാർട്ടിക്കു കൂടുതൽ സീറ്റു നേടിത്തരുമെങ്കിലും ഭാവിയിൽ ജനപ്രതിനിധികൾ തൃണമൂലിലേക്കു കൂറുമാറുമെന്നു കോൺഗ്രസിന് ആശങ്കയുണ്ട്. സിപിഎമ്മിനു സംസ്ഥാനത്തു സ്വാധീനം കുറഞ്ഞ സാഹചര്യത്തിൽ അവരുമായി സഖ്യമുണ്ടാക്കുന്നതുകൊണ്ട് നേട്ടമൊന്നുമില്ലെന്നാണു വിലയിരുത്തൽ. അതേസമയം, ബിജെപിയെ അകറ്റി നിർത്താൻ തൃണമൂലുമായി സഖ്യം ഉണ്ടാക്കണമെന്നാണ് അബു ഹസീംഖാൻ ചൗധരി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. ബംഗാളിൽ ഇക്കുറി ഒറ്റയ്ക്കു മൽസരിച്ചു കരുത്തു കാട്ടാനുള്ള ശ്രമത്തിലാണു തൃണമൂൽ കോൺഗ്രസ്.

42 സീറ്റുകളിലും വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കാനാണ് പ്രവർത്തകരോട് മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനം. എന്നാൽ കോൺഗ്രസിനായി വാതിൽ തുറന്നിട്ടു കാത്തിരിക്കുകയാണു സിപിഎം. തൃണമൂലിനും ബിജെപിക്കും എതിരെ മതേതര കക്ഷികൾ ഒരുമിക്കണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. ബംഗാളിൽ ആകെയുള്ള 42 സീറ്റിൽ ടിഎംസി 34, കോൺഗ്രസ് 4, സിപിഎമ്മും ബിജെപിയും 2 വീതം എന്നിങ്ങനെയാണു നിലവിലെ കക്ഷിനില.