ആത്മരക്ഷാർഥമല്ല; അവ്നി കടുവയെ വെടിവച്ചു കൊന്നതു പ്രകോപനമില്ലാതെ

തിരുവനന്തപുരം∙ മഹരാഷ്ട്രയിലെ യവത്മാൾ ജില്ലയിലെ പന്താർകാവ്‍ഡ–റാളെഗാവ് വനമേഖലയിൽ അവ്നിയെന്ന പെൺകടുവയെ വെടിവച്ചു കൊന്നതു പ്രകോപനമില്ലാതെയാണെന്നു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ആത്മരക്ഷാർഥമാണു കടുവയെ വെടിവച്ചു കൊന്നതെന്ന വനം ഉദ്യോഗസ്ഥരുടെയും കടുവയെ പിടികൂടാൻ നിയോഗിച്ച വെടിക്കാരുടെയും അവകാശവാദം ശരിയല്ലെന്നും സമിതി കണ്ടെത്തി.

അഡീഷനൽ പിസിസിഎഫ്(റിട്ട) ഒ.പി.കലേർ, വൈൽഡ്‌ ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടർ ജോസ് ലൂയിസ്, ടൈഗർ കൺസർവേഷൻ അതോറിറ്റി അസി. ഇൻസ്പെക്ടർ ജനറൽ ഹേമന്ത് കാംഡി എന്നിവരാണു സമിതി അംഗങ്ങൾ. ടി–1 എന്നറിയപ്പെട്ടിരുന്ന അവ്നി 13 പേരെ കൊന്നു തിന്നെന്നാണ് ആരോപണം. എന്നാൽ ഇത്രയും പേരെ കൊന്നത് അവ്നിയാണെന്നതിനു തെളിവില്ലെന്നായിരുന്നു വന്യജീവി സ്നേഹികളുടെ വാദം.

മുഖ്ബിർ ഷെയ്ഖ്(ഫോറസ്റ്റർ) ഗോവിന്ദ് കെന്ദ്രെ, ദിലീപ് കെറാം (ഗാർഡുമാർ), സൽമാൻ ബർഖത്ത് അലിഖാൻ (ഡ്രൈവർ), അസ്ഗർ അലിഖാൻ (വെടിക്കാരൻ) എന്നിവരാണു കടുവയെ വെടിവച്ചു കൊന്ന സംഘത്തിൽ ഉണ്ടായിരുന്നത്. കടുവയ്ക്കു വെടിയേറ്റ ശരീരഭാഗം പരിശോധിച്ചതിൽ നിന്നു തന്നെ കടുവ സംഘത്തെ ആക്രമിച്ചിരുന്നില്ലെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു.

കടുവയെ മയക്കുവെടി വച്ചതു മുഖ്ബിർ ഷെയ്ഖ് ആണ്. മയക്കുവെടിത്തോക്കിൽ ഉപയോഗിച്ച തിര(ഡാർട്) തയാറാക്കിയ വെറ്ററിനറി സർജൻ ഡോ. ബി.എം. കഡു ഇത് 24 മണിക്കൂറിനു ശേഷം ഉപയോഗിക്കാൻ പാടില്ലെന്നു മുന്നറിയിപ്പു നൽകിയിരുന്നു. പോരാത്തതിനു തന്റെ സാന്നിധ്യത്തിൽ മാത്രമേ മയക്കുവെടി വയ്ക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

തിര തയാറാക്കിയ ശേഷം 56 മണിക്കൂറിനു ശേഷമാണു മയക്കുവെടി വച്ചത്. അതുകൊണ്ടു തന്നെ അതിൽ ഉപയോഗിച്ചിരുന്ന സൈലസിൻ, കീറ്റമിൻ തുടങ്ങിയ രാസവസ്തുക്കളുടെ തീവ്രത നഷ്ടപ്പെട്ടിരിക്കും. മയക്കുവെടി വച്ച ശേഷവും അവ്നി ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. മയക്കുവെടി വച്ച് അഞ്ചു സെക്കൻഡിനകം അസ്ഗർ അലി ഖാൻ കടുവയെ വെടിവയ്ക്കുകയായിരുന്നു.

മയക്കുവെടി വിജയകരമായാൽ നൽകേണ്ട മറുമരുന്നുകൾ സംഘത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഇതെല്ലാം തെളിയിക്കുന്നത് അവ്നിയെ വെടിവച്ചു കൊല്ലുന്നതിലായിരുന്നു സംഘത്തിനു താൽപര്യമെന്നാണ്– റിപ്പോർട്ടിൽ പറയുന്നു. വെടിക്കാരനായ നവാബ് ഷഫാത്ത് അലി ഖാന്റെ നിർബന്ധപ്രകാരമാണു മകൻ അസ്ഗർ അലിഖാനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.