Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ കടുവയെ ട്രാക്ടർ കയറ്റിക്കൊന്നു

tiger T1 after being shot മഹാരാഷ്ട്രയിൽ ജനങ്ങളെ ആക്രമിച്ചുവെന്ന പേരിൽ അവ്‌നി എന്ന പെൺകടുവയെ അധികൃതർ വെടിവച്ചു കൊന്നപ്പോൾ.

ലക്‌നൗ ∙ ഉത്തർപ്രദേശിൽ ഗ്രാമീണർ പെൺകടുവയെ ട്രാക്‌ടർ കയറ്റിക്കൊന്നു. ലക്നൗവിൽനിന്ന് 155 കിലോമീറ്റർ അകലെ ലഖിംപുർ ഖിരി മേഖലയിലെ ദുധ്‌വ കടുവസങ്കേതത്തിൽ ഞായറാഴ്ച വൈകിട്ടാണു സംഭവം. ഗ്രാമീണനെ കൊലപ്പെടുത്തിയ കടുവയെ ഗ്രാമീണർ വളഞ്ഞുപിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണു ട്രാക്‌ടർ കയറ്റിയത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണു പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ മറ്റൊരു പെൺകടുവയെ വെടിവച്ചുകൊന്നത്. നരഭോജിയായ കടുവയെ മയക്കുവെടിവച്ചു പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു കൊന്നതെന്നാണു വനം അധികൃതരുടെ ന്യായം. 2014 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ കാടുകളിൽ 2226 കടുവകളുണ്ട്.

രാഹുലും ഹർഷ്‌വർധനും നേർക്കുനേർ

ന്യൂഡൽഹി  ∙ മഹാരാഷ്ട്രയിൽ ജനങ്ങളെ ആക്രമിച്ച പെൺകടുവ അവ്‌നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊന്ന സംഭവത്തിൽ പരസ്പരം ‘കടിച്ചുകീറി’ കോൺഗ്രസും ബിജെപിയും. മൃഗങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിൽനിന്ന് ഒരു രാജ്യത്തിന്റെ മഹത്വം വിലയിരുത്താനാവുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ നടത്തിയ പരാമർശത്തിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷ്‌വർധൻ രംഗത്തുവന്നു. 

സർക്കാരിനു രാഹുലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും നിലവിലെ ഭരണകൂടം പുലർത്തുന്ന ജാഗ്രതയും ആത്മാർഥതയും മുൻപുള്ള മറ്റൊരു സർക്കാരിനും അവകാശപ്പെടാനാവില്ലെന്നും മന്ത്രി തിരിച്ചടിച്ചു.

മഹാരാഷ്ട്രയിലെ യവത്‌മൽ ജില്ലയിൽ ജനങ്ങളെ ആക്രമിച്ച പെൺകടുവയെ കൊന്നതിനെതിരെ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു.