കാർഷികവായ്പകൾ എഴുതിത്തള്ളരുത്: രഘുറാം രാജൻ

ന്യൂഡൽഹി∙ കാർഷികവായ്പകൾ എഴുതിത്തള്ളുമെന്നു തിരഞ്ഞെടുപ്പു വാഗ്ദാനം നൽകുന്നതിനെതിരെ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഇതൊഴിവാക്കണമെന്ന് അഭ്യർഥിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു. കടം എഴുതിത്തള്ളുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക പ്രതിസന്ധിക്കുള്ള കാരണം ഉറപ്പായും ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ കടം എഴുതിത്തള്ളലാണോ അതിനുള്ള പരിഹാരമെന്നു ആലോചിക്കേണ്ടതാണ്. വായ്പയെടുക്കുന്ന കർഷകർ ചെറിയൊരു വിഭാഗം മാത്രമാണ്. ഏറ്റവും ദരിദ്രർക്കല്ല, സ്വാധീനമുള്ളവർക്കാണ് ഇതു ലഭിക്കുക.

വായ്പ നൽകുന്നതിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് എഴുതിത്തള്ളൽ എന്ന് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർവകക്ഷി ധാരണ രാജ്യതാൽപര്യത്തിനു തന്നെ ആവശ്യമാണെന്നും ‘ഇന്ത്യയ്ക്കുള്ള സാമ്പത്തിക തന്ത്രം’ എന്ന റിപ്പോർട്ട് പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 13 സാമ്പത്തിക ശാസ്ത്രജ്ഞർ തയാറാക്കിയ റിപ്പോർട്ടാണിത്.