ശത്രുഘ്നൻ സിൻഹ ലാലുവിനെ കണ്ടു; സഖ്യത്തിൽ ചേർന്നേക്കും

റാഞ്ചി∙ ബിജെപി എംപി ശത്രുഘ്നൻ സിൻഹ ആർജെഡി ദേശീയ അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ സന്ദർശിച്ചു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായിക്കൊപ്പമാണ് സിൻഹ, റാഞ്ചി റിംസ് ആശുപത്രിയിലെത്തി ലാലുവിനെ കണ്ടത്. മൂവരും രണ്ടര മണിക്കൂറോളം രഹസ്യ ചർച്ച നടത്തി.

ബിജെപി കേന്ദ്ര നേതൃത്വമായി ഇടഞ്ഞു നിൽക്കുന്ന സിൻഹ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് –ആർജെഡി മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായേക്കുമെന്നാണു സൂചന. ലാലു സുഹൃത്താണെന്നും ബിഹാർ മുൻമുഖ്യമന്ത്രിയെ അന്യായമായി ജയിലിലടച്ച് പീഡിപ്പിക്കുകയാണെന്നും ആർജെഡി ചിഹ്നമായ റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ പ്രതീക്ഷയുണ്ടെന്നും സിൻഹ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിടത്തല്ല അഞ്ചിടത്തും തോറ്റുവെന്നും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് തോൽവിക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സിൻഹയുടെ സന്ദർശനത്തിനു പിന്നാലെ ജാർഖണ്ഡിലെ പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദും ലാലുവിനെ കണ്ട് ചർച്ച നടത്തി.