ആർകെ നഗറിൽ ടി.ടി.വി.ദിനകരൻ അണ്ണാ ഡിഎംകെ സ്ഥാനാർഥി

ടി.ടി.വി.ദിനകരൻ

ചെന്നൈ ∙ ജയലളിതയുടെ മരണത്തെത്തുടർന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ആർകെ നഗർ മണ്ഡലത്തിൽ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദരീപുത്രനുമായ ടി.ടി.വി. ദിനകരൻ സ്ഥാനാർഥിയാകും. പ്രാദേശികനേതാവ് എൻ. മരുതു ഗണേഷ് ആണ് ഡിഎംകെ സ്ഥാനാർഥി. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ കഴിഞ്ഞയാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെയിലെ പനീർസെൽവം പക്ഷത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാതെയുണ്ടാകും.

അര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണെന്നും മുഖ്യമന്ത്രിയാകുകയല്ല ലക്ഷ്യമെന്നും ടി.ടി.വി.ദിനകരൻ പറഞ്ഞു. എങ്കിലും മുഖ്യമന്ത്രി പദം തന്നെയാണു ലക്ഷ്യമെന്നു വിലയിരുത്തലുണ്ട്. ദിനകരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു മിനിറ്റുകൾക്കുള്ളിൽ ഡിഎംകെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഡിഎംകെയുടെ ആർകെ നഗർ ഈസ്റ്റ് ഡിവിഷൻ സെക്രട്ടറിയാണു മരുതു ഗണേഷ്.

എംജിആർ അമ്മ ദീപ പേരവൈ എന്ന പുതിയ പാർട്ടിയുമായി ദീപ ജയകുമാർ ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്. പനീർസെൽവം പക്ഷത്തുനിന്നു മൽസരിക്കുക മുൻ നേതാവും ആർകെ നഗറിലെ മുൻ എംഎൽഎയുമായ ഇ. മധുസൂദനനായിരിക്കുമെന്നും സൂചനകളുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകൾ മൂന്നായി ഭിന്നിക്കുന്നതു തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു ഡിഎംകെ.